- ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ബി.ജെ.പി നേതാവും പാലക്കാട് നഗരസഭ അധ്യക്ഷയുമായ പ്രമീള ശശിധരൻ
പാലക്കാട്: പാലക്കാട്ടെ ബി ജെ പിയുടെ തോൽവിയിൽ സ്ഥാനാർത്ഥിയെ പഴിച്ച് പാർട്ടി നേതാവും പാലക്കാട് നഗരസഭ അധ്യക്ഷയുമായ പ്രമീള ശശിധരൻ. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് അവർ പ്രതികരിച്ചു.
ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. നഗരസഭ ഭരണത്തിൽ പാളിച്ച ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്റെ മാത്രം താൽപര്യത്തിൽ വന്ന സ്ഥാനാർത്ഥിയാണ് സി കൃഷ്ണകുമാറെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒറ്റക്കെട്ടായി ഒരുമിച്ചുനിന്ന് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥിയാണെങ്കിൽ ഇത്ര വലിയ തോൽവി ഉണ്ടാകുമായിരുന്നില്ലെന്നും പ്രമീള ശശിധരൻ വ്യക്തമാക്കി.
നഗരസഭ ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് ജില്ലാ നേതൃത്വമാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബി ജെ പി നേതൃത്വം ഇപ്പോൾ നഗരസഭയോട് പെരുമാറുന്നത്. കൗൺസിലർമാർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നും അവർ വ്യക്തമാക്കി. തോൽവിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാഗ്വാദം തുടരുകയാണ്.
അതിനിടെ, തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മൂന്ന് മണ്ഡലങ്ങളിലെയും പ്രകടനം വിലയിരുത്തി ദേശീയ നേതൃത്വം നടപടി എടുത്താൽ അംഗീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.