- ജമാഅത്തെ ഇസ്‌ലാമി എന്നു മുതലാണ് സി.പി.എമ്മിന് അലർജിയായത്? ജമാഅത്ത് ബി ജെ പിക്കെതിരെ യു.ഡി.എഫിനൊപ്പം നിന്നതിന് മാർക്‌സിസ്റ്റുകൾക്ക് എന്തിനാണിത്ര അസ്വസ്ഥത? നിങ്ങളോടൊപ്പവും ഞങ്ങളുണ്ടായിരുന്നല്ലോ? 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചർച്ച നടത്തി ജമാഅത്ത് പിന്തുണ സി പി എം വാങ്ങിയിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും രാജസ്ഥാനിലെ സികറിലുമെല്ലാം ജമാഅത്ത് പിന്തുണയോടെയാണ് സി.പി.എം സ്ഥാനാർത്ഥികൾ വിജയിച്ചതെന്നും ജമാഅത്ത് അമീർ പി മുജീബുറഹ്മാൻ വ്യക്തമാക്കി.
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി എന്നു മുതലാണ് സി.പി.എമ്മിന് ഭീകരവാദികളായതെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. കേരളത്തിലെ സി.പി.എമ്മിന് ആർ.എസ്.എസിനെക്കാൾ ജമാഅത്തെ ഇസ്‌ലാമിയെ പ്രശ്‌നവൽക്കരിക്കേണ്ടിവന്ന സാഹചര്യമെന്താണെന്ന് ഇടതു സുഹൃത്തുക്കൾ ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള(ജി ഐ ഒ)യുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ദക്ഷിണ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട്ട് യു ഡി എഫിന്റെ കൂടെനിന്ന് ജമാഅത്തുകാർ ബി ജെ പിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് എം.വി ഗോവിന്ദൻ കണ്ടെത്തിയ കുറ്റം. ജമാഅത്ത് ബി ജെ പിക്കെതിരെ പ്രവർത്തിക്കുന്നതിന് സി പി എം എന്തിനാണ് അസ്വസ്ഥരാകുന്നത്? നിങ്ങളോടൊപ്പവും ഞങ്ങളുണ്ടായിരുന്നല്ലോ? എന്നു മുതലാണ് ജമാഅത്തുകാർ നിങ്ങൾക്ക് ഭീകരന്മാരായി മാറിയത്? കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ജമാഅത്തുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും ജമാഅത്ത് വോട്ടിന്റെ ബലത്തിൽ ജയിക്കുകയും ചെയ്ത സി.പി.എമ്മാണ് ആർ എസ് എസുമായി സമീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പാലക്കാട് ഒരു സിഗ്‌നൽ ആയിരുന്നു. മുനമ്പം വിഷയം മുൻനിർത്തി കേരളത്തിലെ ഇതര ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ശ്രമങ്ങൾക്കേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലം. ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കുകയും അപരവൽക്കരിക്കുകയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനു നേതൃത്വം കൊടുത്തതിന് സി.പി.എമ്മിന് കൂടി ലഭിച്ച പ്രഹരമാണ് പാലക്കാട്ടെ ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെ പാരമ്പര്യം മതേതരത്വത്തിന്റേതാണെങ്കിലും കുറച്ചുകാലമായി സി.പി.എം കളിച്ചുകൊണ്ടിരിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങാണ് കേരളീയ സമൂഹത്തിൽ അവർ നടത്തിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തുടങ്ങിയ അന്നുമുതൽ ജമാഅത്തെ ഇസ്‌ലാമിയെ ടാർഗറ്റ് ചെയ്തുള്ള പ്രചാരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായി. സന്ദീപ് വാര്യർ പാർട്ടി മാറി പാണക്കാട്ട് എത്തിയപ്പോൾ അതിന് പിന്നിലും ജമാഅത്തായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് പരാജയപ്പെട്ടപ്പോൾ അതിനു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൂന്ന് മാസത്തിനിടെ നടത്തിയ പ്രസ്താവനകളിൽ ജമാഅത്തിനെയും ആർ എസ് എസിനെയും എത്രതവണ പറഞ്ഞുവെന്നു പരിശോധിച്ചു നോക്കൂ.
ജമാഅത്തെ ഇസ്‌ലാമി എന്നു മുതലാണ് ഇവർക്ക് അലർജിയായത്? 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചർച്ച നടത്തി ജമാഅത്ത് പിന്തുണ സി പി എം വാങ്ങിയിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും രാജസ്ഥാനിലെ സികറിലുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണ് സി പി എം സ്ഥാനാർത്ഥികൾ വിജയിച്ചതെന്നും ജമാഅത്ത് അമീർ വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന്റെ കൂടെനിന്ന് ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നതിൽ സി.പി.എമ്മിന് എന്തിനാണിത്ര അസ്വസ്ഥത? മൂന്ന് പതിറ്റാണ്ടുകാലം ജമാഅത്തുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും ജമാഅത്ത് വോട്ടിന്റെ ബലത്തിൽ ജയിക്കുകയും ചെയ്ത ഇടതുപക്ഷമാണ് തങ്ങളെ ഭീകരരാക്കുന്നതും സംഘ്പരിവാറുമായി സമീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്മേളനത്തിൽ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നേതാവ് അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഫ്രണ്ട്‌സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ, ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി എ റഹ്മത്തുന്നിസ, സി.ടി സുഹൈബ്, സമർ അലി, സാജിത പി.ടി.പി, അഡ്വ. റഹ്മാൻ ഇരിക്കൂർ, സുഹാന അബ്ദുൽ ലത്തീഫ്, എസ് അമീൻ, ഡോ. സി.എം നസീമ, അനീസ മുഹ്‌യുദ്ദീൻ പ്രസംഗിച്ചു.