പത്തനംതിട്ട: കുടുംബത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.
ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയറാണ് യുവാവിന്റെ കഴുത്തിൽ കുടുങ്ങിയത്. കയർ കുരുങ്ങിയതിനെ തുടർന്ന് യുവാവ് റോഡിലേക്ക് തെറിച്ചു വീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
സർക്കാർ സ്കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തടയുന്നതിനായാണ് റോഡിന് കുറുകെ കയർ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തിൽനിന്ന് പോസ്റ്റിലേക്കാണ് കയർ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
കയർ കെട്ടിയവരുടെ അനാസ്ഥയുടെ ഇരയാണ് യുവാവും കുടുംബവുമെന്ന വിമർശം ശക്തമാണ്. കയർ കെട്ടിയ സ്ഥലത്ത് മുന്നറിയിപ്പ് നൽകാനോ തടയാനോ ആളെ നിർത്തിയിരുന്നില്ലെന്നും ഇതാണ് യുവാവിന്റെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്നും പറയുന്നു. പരുക്കേറ്റ ഭാര്യയും മക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.