തൃശൂർ: പാലക്കാട്ടെ കോൺഗ്രസ് വിജയത്തിൽ ബി ജെ പിക്കും സി പി എമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി ജെ പിയുടെ വോട്ട് ഗണ്യമായി കുറഞ്ഞതിൽ അവരെക്കാൾ കൂടുതൽ സങ്കടം സി പി എമ്മിനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി ജെ പിക്ക് വോട്ട് കുറഞ്ഞതിൽ സി പി എമ്മിന് എന്താണിത്ര സങ്കടം. 20121-ൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ഇ ശ്രീധരൻ നേടിയ അൻപതിനായിരം വോട്ട് ഇക്കുറി 39,000 ആയി കുറഞ്ഞു. അന്ന് ശ്രീധരന് പോയ വോട്ടിൽ നല്ലൊരു ഭാഗം ഇക്കുറി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ കോൺഗ്രസ് വിജയം എസ്.ഡി.പി.ഐ വോട്ടു വാങ്ങിയാണെന്ന ആരോപണത്തിൽ ‘എസ് ഡി പി ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ടാണോ ഇ ശ്രീധരന് അന്ന് കിട്ടിയതെന്ന് ബി ജെ പിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് അന്ന് ഇ ശ്രീധരൻ പിടിച്ചു. അതിൽ നല്ലൊരുഭാഗം ഇക്കുറി രാഹുൽ തിരിച്ചുപിടിക്കുകയായിരുന്നു. അതെങ്ങനെയാണ് എസ് ്ഡി പി ഐയുടെ വോട്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ് ഡി പി ഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
1996-ൽ ദേശാഭിമാനി ജമാഅത്തെ ഇസ്‌ലാമിയെ സ്വാഗതം ചെയ്ത് ലേഖനം എഴുതിയിട്ടുണ്ട്. ജമാഅത്ത് ആസ്ഥാനത്ത് പോയതും പിണറായി വിജയനാണ്. എന്നിട്ടിപ്പോൾ ജമാഅത്തുകാർ വർഗിയവാദികളാണെന്ന് ആരോപിക്കുകയാണ് സി പി എം. ബി ജെ പിയുടെ കൂടെ നിന്നുകൊണ്ടാണ് സി പി എം ജമാഅത്തിനെതിരെ പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ തകർന്നുപോയതാണ് പാലക്കാടെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കൂടിയെന്നാണ് സി പി എം അവകാശവാദം. 2021-നേക്കാൾ ഇക്കുറി സി പി എമ്മിന് കൂടിയത് തൊള്ളായിരത്തോളം വോട്ടുകളാണ്, ആയിരം വോട്ട് പോലുമില്ല. 2021-ലെ വോട്ടർ പട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സി പി എമ്മിന് കിട്ടേണ്ടതല്ലേ? അതുപോലും ഉണ്ടായില്ല. അതിന്റെ അർത്ഥം സി പി എമ്മിന്റെ വോട്ട് 2021-നേക്കാൾ താഴേക്ക് പോയെന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ചേലക്കരയിൽ തന്റെ കണക്കുകൾ പിഴച്ചുവെന്നും പാലക്കാട്ടേക്കാൾ സംഘടനാ സംവിധാനം ചലിച്ചിട്ടും ഇതുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മുഴുവൻ പരിഹരിക്കും. ഒരു കൊല്ലം കൊണ്ട് തൃശൂരിനെ പഴയനിലയിലേക്ക് എത്തിക്കും. സന്ദീപ് വാര്യരെ പുറകിൽ നിർത്തില്ലെന്നും മുന്നിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.