- പാലക്കാട്ട് മുസ്‌ലിം വർഗീയ ശക്തികളെ കൂടി ഐക്യമുന്നണിയുടെ ഭാഗമായി ചേർത്താണ് കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോട് കൂടി യോജിച്ച് പ്രവർത്തിച്ചുവെന്നും ഇതാണ് വോട്ടിംഗ് പാറ്റേൺ വ്യക്തമാക്കുന്നതെന്നും
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കോഴിക്കോട്: വർഗീയശക്തികളെ കോർത്തിണക്കിയാണ് പാലക്കാട്ട് യു.ഡി.എഫ് വിജയിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യു ഡി എഫിനുവേണ്ടി പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയുമാണെന്നും അദ്ദേഹം ആരോപിച്ചു.
‘നിങ്ങൾ ആരോപിച്ച ഈ പാർട്ടികൾക്ക് പാലക്കാട് എത്ര വോട്ടുണ്ടെന്ന്’ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത് നിങ്ങൾ തന്നെ കണ്ടുപിടിക്കൂ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ ആദ്യം അവിടെ പ്രകടനം നടത്തിയത് എസ് ഡി പി ഐ ആണ്. സ്വാഭാവികമായും മുസ്‌ലിം വർഗീയ ശക്തികളെ കൂടി ഐക്യമുന്നണിയുടെ ഭാഗമായി ചേർത്താണ് കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചത്. ബി ജെ പിയാണ് അപകടമെന്ന് കാണിച്ച് വലിയ രീതിയിൽ ന്യൂനപക്ഷ വോട്ട് ആകർഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ ആരെക്കാളും മുന്നിൽ നിന്നത് ജമാഅത്തും എസ് ഡി പി ഐയുമാണ്. ഈ മഴവിൽ സഖ്യമാണ് യഥാർഥത്തിൽ പാലക്കാട് പ്രവർത്തിച്ചത്.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോട് കൂടി യോജിച്ച് പ്രവർത്തിച്ചുവെന്നാണ് മുൻസിപ്പാലിറ്റിയിലെയും പുറത്തെയും വോട്ടിങ് പാറ്റേൺ നോക്കുമ്പോൾ മനസിലാക്കുന്നത്.
ഡോ. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് ബോധ്യമായെന്നും കേരളം മുഴുവനും ഇന്നത് അംഗീകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡോ. പി സരിൻ ഇടതു മുന്നണിക്ക് വലിയ മുതൽക്കൂട്ടാണെന്നും മുന്നിൽ നിർത്തി മുന്നോട്ട് പോകുമെന്നും പറഞ്ഞു.
ഞങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ട് നേടാനായി. ബി ജെ പിയുമായുള്ള വോട്ടിന്റെ അന്തരം കുറയ്ക്കാനും സാധിച്ചു. ഇടതു മുന്നണിയെ എഴുതിത്തള്ളേണ്ട സീറ്റല്ല പാലക്കാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട്ടിൽ യു ഡി എഫിനുണ്ടായത് സ്വാഭാവിക ജയമാണ്. മുമ്പത്തെപോലെ ഇത്തവണയും അതാവർത്തിച്ചെന്നേയുള്ളൂ. ഭരണവിരുദ്ധ വികാരമില്ല. അങ്ങനെയുണ്ടെങ്കിൽ ലോകസഭാ തെരഞ്ഞെടുപ്പിനെക്കാളും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചേലക്കരയിൽ ജയിക്കാൻ സാധിക്കുമായിരുന്നില്ല. യു ഡി എഫിന് ഭരണവിരുദ്ധ വികാരമെന്ന് പറയാൻ ആഗ്രഹമുണ്ട്. അത് പ്രകടിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഇടതു സർക്കാരിനെതിരായ വിധിയെഴുത്താകുമോ എന്നു ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇന്നുണ്ടായത്. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടില്ല. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റേത് ഉജ്വലമായ വിജയമാണ്. 2016-ൽ യു ആർ പ്രദീപ് നേടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ ജയിക്കാനായിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരിപക്ഷവും ലഭിച്ചു. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചാണ് എൽ ഡി എഫ് വിജയം.
കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത്. മൂന്ന് മണ്ഡലത്തിലും ബി ജെ പിയുടെ പരാജയം ആഹ്ലാദം ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പാലക്കാട്ടെ യു ഡി എഫിന്റെ വിജയം വർഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്നും ചേലക്കരയിലെ യു.ആർ പ്രദീപിന്റെ വിജയം രാഷ്ട്രീയ വിജയമാണെന്നും ഇടതു മുന്നണി കൺവീനർ ടി.പി രാമകൃഷ്ണനും പ്രതികരിച്ചു.
.
പാലക്കാട്ട് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18724 വോട്ടുകൾക്കാണ് കന്നിയങ്കത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ചരിത്രനേട്ടമുണ്ടായിക്കിയത്. ത്രികോണ പോരാട്ടത്തിൽ രണ്ടാംസ്ഥാനത്തെത്തിയ ബി ജെ പിയുടെ സി കൃഷ്ണകുമാറും മൂന്നാം സ്ഥാനത്തുള്ള ഇടതുപക്ഷത്തിന്റെ ഡോ. സരിനും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം വെറും രണ്ടായിരത്തിൽ പരമാണ്. നേരത്തെയിത് പതിനാറായിരത്തോളമായിരുന്നു. മണ്ഡലത്തിലെ രാഷ്ട്രീയ വോട്ടുശക്തിയിൽ സ്ഥാനമാറ്റം ഉണ്ടാക്കാനായില്ലെങ്കിലും ബി.ജെ.പിയുമായുള്ള വോട്ട് അന്തരം പതിനായിരത്തിലേറെ കുറയ്ക്കാനായത് സി.പി.എമ്മിന് നേട്ടമാണ്. അതാണീ തെരഞ്ഞെടുപ്പിൽ ഡോ. സരിനും ആശ്വസിക്കാൻ വക നൽകുന്ന ഒരേയൊരു കാര്യം.