ന്യൂയോർക്ക്: ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ രാജ്യത്ത് കാലുകുത്തിയാല്‍ ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നിരവധി പശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കി. നെതന്യാഹു ബ്രിട്ടനില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഓഫീസ് അറിയിച്ചു. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുമാനങ്ങളെ കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഒഫീസ് വിസമ്മതിച്ചുവെങ്കിലും യുനൈറ്റഡ് കിംഗ്ഡം അതിന്റെ നിയമപരമായ ബാധ്യതകള്‍ പാലിക്കുമെന്ന് ബ്രിട്ടീഷ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റിന്മേൽ ആവശ്യമെങ്കില്‍ നടപടിയെടുക്കാന്‍ നെതര്‍ലാന്റ്‌സ് തയാറാണെന്ന് വിദേശ മന്ത്രി കാസ്പര്‍ വെല്‍ഡ്കാമ്പ് പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളടക്കം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ എല്ലാ അംഗരാജ്യങ്ങളും കോടതി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശ, സുരക്ഷാ നയകാര്യ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ തീരുമാനല്ല, മറിച്ച് കോടതി തീരുമാനമാണ്. കോടതി വിധി മാനിക്കുകയും നടപ്പാക്കുകയും വേണമെന്ന് ബോറെല്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗരാജ്യങ്ങളും ഉള്‍പ്പെടുന്ന, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപനവുമായി ബന്ധപ്പെട്ട കരാറായ റോം സ്റ്റാറ്റിയൂട്ടിലെ മുഴുവന്‍ അംഗരാജ്യങ്ങളും ഐ.സി.സി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും ബോറെല്‍ പറഞ്ഞു.
ഐ.സി.സി തീരുമാനം വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വഹിക്കുന്ന പങ്കിനെ അയര്‍ലന്റ് മാനിക്കുന്നു. കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഐ.സി.സിയെ സഹായിക്കാന്‍ കഴിയുന്ന സ്ഥാനത്തുള്ള ആരും എത്രയും വേഗം അത് ചെയ്യണം. നെതന്യാഹു അയര്‍ലന്റില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഐറിഷ് പ്രധാനമന്ത്രി പറഞ്ഞു.
ഐ.സി.സി തീരുമാനത്തെ എങ്ങിനെ വ്യാഖ്യാനിക്കാമെന്നും സംയുക്ത നടപടിയെടുക്കാമെന്നും സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇറ്റലി പഠിക്കുമെന്ന് ഇറ്റാലിയന്‍ വിദേശ മന്ത്രി അന്റോണിയോ തായാനി പറഞ്ഞു. ഞങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ പിന്തുണക്കുന്നു. കോടതി നിയമപരമായ പങ്ക് വഹിക്കണം, അല്ലാതെ രാഷ്ട്രീയ റോളല്ല – അന്റോണിയോ തായാനി പറഞ്ഞു. ഇറ്റലി സന്ദര്‍ശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പറഞ്ഞു. റോമിനു സമീപം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ജി-7 വിദേശ മന്ത്രിമാരുടെ യോഗം ഐ.സി.സി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അതിന്റെ ഉത്തരവ് വിവേകപൂര്‍വം നടപ്പാക്കേണ്ടത് പ്രധാനമാണെന്ന് നോര്‍വീജിയന്‍ വിദേശ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഈഡ് പറഞ്ഞു. ന്യായമായ വിചാരണയുടെ ഉയര്‍ന്ന നിലവാരത്തെ അടിസ്ഥാനമാക്കി കോടതി കേസുമായി മുന്നോട്ടുപോകുമെന്ന് എനിക്ക് വിശ്വാസമുണ്ട് – നോര്‍വീജിയന്‍ വിദേശ മന്ത്രി പറഞ്ഞു. ഐ.സി.സി പ്രവര്‍ത്തനത്തെ സ്വീഡന്‍ പിന്തുണക്കുമെന്നും അതിന്റെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുമെന്നും സ്വീഡിഷ് വിദേശ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാഡ് പറഞ്ഞു. ഐ.സി.സി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ച ആളുകളെ സ്വീഡിഷ് മണ്ണില്‍ വെച്ച് അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുന്നത് സ്വീഡിഷ് നിയമപാലകരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിധികള്‍ കാനഡ പാലിക്കുമെന്ന് കനേഡിയന്‍ പ്രധാമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എല്ലാവരും അന്താരാഷ്ട്ര നിയമം അനുസരിക്കേണ്ടത് വളരെ പ്രധാനമാണ്. ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തെ സംരക്ഷിക്കുന്നു. അന്താരാഷ്ട്ര കോടതികളുടെ എല്ലാ വിധികളും ഞങ്ങള്‍ അനുസരിക്കും – ട്രൂഡോ പറഞ്ഞു.
ഇസ്രായിലി പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധമന്ത്രിക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചത് വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണെന്ന് തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫൈദാന്‍ വിശേഷിപ്പിച്ചു. ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയ ഇസ്രായില്‍ നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നടപടിയാണ് ഈ തീരുമാമെന്നും തുര്‍ക്കി വിദേശ മന്ത്രി പറഞ്ഞു. നെതന്യാഹുവിനും ഗാലന്റിനും എതിരെ പുറപ്പുവിച്ച അറസ്റ്റ് വാറണ്ടുകള്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം പഠിക്കുമെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ ജര്‍മനി സന്ദര്‍ശനം ഉണ്ടാകുന്നതു വരെ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ ഹെബ്‌സ്‌ട്രൈറ്റ് പറഞ്ഞു. അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ച ശേഷവും ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട ജര്‍മന്‍ ഗവണ്‍മെന്റ് നിലപാടില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള ഐ.സി.സി ഉത്തരവിനോടുള്ള ഫ്രാന്‍സിന്റെ പ്രതികരണം കോടതി തത്വങ്ങളുമായി പൊരുത്തപ്പെടുമെന്ന് ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു. എന്നാല്‍ നെതന്യാഹു ഫ്രാന്‍സില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമോ എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയ വക്താവ് വിസമ്മതിച്ചു.
ഐ.സി.സി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചതിനെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സുരക്ഷക്ക് നേരിടുന്ന ഭീഷണികള്‍ക്കെതിരെ അമേരിക്ക എക്കാലവും ഇസ്രായിലിനൊപ്പം നിലയുറപ്പിക്കുമെന്ന് പറഞ്ഞു. അറസ്റ്റ് വാറണ്ട് വെല്ലുവിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രിയെ ഹംഗറിയിലേക്ക് ക്ഷണിക്കുമെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു. ഐ.സി.സി തീരുമാനത്തെ വെല്ലുവിളിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റു ഓപ്ഷനില്ല. ഹംഗറിയിലേക്ക് വരാന്‍ നെതന്യാഹുവിനെ താന്‍ ക്ഷണിക്കും. ഹംഗറിയില്‍ ഐ.സി.സി തീരുമാനത്തിന് ഒരു സ്വാധീനവുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ തനിക്ക് കഴിയുമെന്നും വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു. ഐ.സി.സി അറസ്റ്റ് വാറണ്ടുകള്‍ സ്വയം പ്രതിരോധത്തിനുള്ള ഇസ്രായിലിന്റെ അവകാശം അവഗണിക്കുന്നതായി അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി പറഞ്ഞു. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനും ഹമാസ് സൈനിക കമാണ്ടര്‍ ആയിരുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്‌രിക്കും (മുഹമ്മദ് അല്‍ദൈഫ്) എതിരെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യാഴാഴ്ചയാണ് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചത്.