പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തിൽ വാര്യരും നായരും ഒരു ഇഫക്ടും ഉണ്ടാക്കിയിട്ടില്ലെന്ന് വീണ്ടും പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഇത് ആത്മപരിശോധനക്കുള്ള സമയമാണ്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ യു.ഡി.എഫ് മണ്ഡലം നിലനിർത്തിയതിനെ ആഘോഷിക്കുന്നത്. മെട്രോമാൻ ഇ ശ്രീധരന് ലഭിച്ച വോട്ടുകൾ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനിൽക്കാൻ പോലും താൻ യോഗ്യനല്ല. അടുത്ത തവണ പാലക്കാട് ബിജെപി മണ്ഡലം പിടിച്ചെടുക്കും.
ഇതുവരെ കാണാത്ത വർഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി. ബിജെപി ജയിച്ചാൽ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. വി.ഡി സതീശന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമി എന്ന പേരിൽ പ്രത്യേകം പ്രചാരണം നടത്തി. വിജയിച്ച രാഹുലിന് ആശംസകൾ. മുൻ എം.എൽ.എ ബാക്കിവെച്ച വികസന പ്രവർത്തനങ്ങളെങ്കിലും പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റുകൾ പറ്റിയെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ച് തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗൺസിലർമാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് സി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.