കൽപ്പറ്റ: വയനാടിന്റെ പ്രിയങ്കരിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പകുതി പൂർത്തിയാകും മുമ്പേ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം തൊടുന്നു.
മണ്ഡലത്തിനകത്തും പുറത്തും പ്രിയങ്കയുടെ ഭൂരിപക്ഷം എത്രയാകും എന്നതിൽ മാത്രമാണിപ്പോൾ ചർച്ചയുള്ളത്. പോളിംഗ് കുറഞ്ഞിട്ടും നിലവിൽ രണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തിലേറെ വോട്ടുകൾക്കാണിപ്പോൾ പ്രിയങ്ക ലീഡ് ചെയ്യുന്നത്. എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുൽ ഗാന്ധിക്ക് കിട്ടിയതിനേക്കാൾ ലീഡ് ലഭിച്ചിട്ടുണ്ട്. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യ ഹരിദാസിന് ശരാശരി 2000 വോട്ടുകളുടെ കുറവാണ് ഓരോ റൗണ്ടിലുമുണ്ടായത്.

വോട്ടെണ്ണൽ തുടരവെ, ഇടത് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി. ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസിനും മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ടുകൾ നേടാനായിട്ടില്ലെന്നാണ് ഇതുവരെയുള്ള സൂചനകൾ വ്യക്തമാക്കുന്നത്. സത്യൻ മൊകേരിക്ക് ഒരു ലക്ഷത്തി എണ്ണായിരം വോട്ടേ ഇതുവരെയും നേടാനായിട്ടുള്ളൂ. ഈ പ്രവണത തുടർന്നാൽ ബി.ജെ.പിയുമായി ഇടതിന് വലിയ അന്തരമുണ്ടാകില്ലെന്ന സ്ഥിതിയിലാവും കാര്യങ്ങൾ. അങ്ങനെവന്നാൽ, മുതിർന്ന സി.പി.ഐ നേതാവായ സത്യൻ മൊകേരിക്കിത് കനത്ത പ്രഹരമാവും. നിലവിൽ ബി.ജെ.പി സ്ഥാനാർത്ഥി നവ്യക്ക് 75000-ത്തിലേറെ വോട്ടാണ് ലഭിച്ചിട്ടുള്ളത്.

പാലക്കാട്ട് യു.ഡി.എഫിന്റെ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ ഇടതു മുന്നണിയിലെ യു.ആർ പ്രദീപും ലീഡ് തുടരുകയാണിപ്പോഴും. എട്ടാം റൗണ്ടിൽ പാലക്കാട്ട് 4980 വോട്ടിന്റെ ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുമ്പോൾ ചേലക്കരയിൽ യു.ആർ പ്രദീപ് ലീഡ് പതിനായിരം കടന്നിരിക്കുകയാണ്.