- തനിക്കെതിരായ പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ എന്നും നടി
കൊച്ചി: എം മുകേഷ് എം.എൽ.എ അടക്കമുള്ള നടന്മാർക്കെതിരെ ഉന്നയിച്ച ബലാത്സംഗ പരാതികളിൽ നിന്ന് പിൻവാങ്ങുകയാണെന്ന് നടി. കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ അയക്കുമെന്നും ആലുവ സ്വദേശിനിയായ നടി പറഞ്ഞു.
സർക്കാരിൽ നിന്നും മറ്റും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.
മാധ്യമങ്ങളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്നും നടി കുറ്റപ്പെടുത്തി. പോക്‌സോ കേസ് വന്ന് രണ്ട് മാസമായിട്ടും മേൽ നടപടികളുണ്ടായില്ല. പോക്‌സോ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്കി. കള്ളക്കേസ് വന്നപ്പോൾ സർക്കാർ പിന്തുണ നല്കിയില്ല. സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷയും ഇല്ല. അതുകൊണ്ടാണ് എല്ലാ കേസും പിൻവലിക്കുന്നത്.
ആർക്കൊക്കെ എതിരെ കേസ് കൊടുത്തിട്ടുണ്ടോ അതെല്ലാം പിൻവലിക്കുകയാണ്. ഞാൻ ഇനി ഒന്നിനുമില്ലെന്ന് കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. ഈ ഒഴുകുന്ന കണ്ണുനീർ കേരളത്തിന്റെ ശാപമാണ്. പലരും ഫേക്ക് ഐഡിയിൽനിന്നും പല നടന്മാരുടെയും വീഡിയോകളും ഓഡിയോകളും എനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം മറുപടി കിട്ടിയില്ലെങ്കിൽ പരാതി പിൻലിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരേ പോക്‌സോ കേസ് നല്കിയ പെൺകുട്ടിക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ആണെന്നും നടി ആരോപിച്ചു.
മുകേഷിനെ കൂടാതെ നടന്മാരായ മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്ര മേനോൻ തുടങ്ങി ഏഴു പേർക്കെതിരെയായിരുന്നു നടി പീഡന പരാതി നൽകിയിരുന്നത്. ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയിലുണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള നടിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ചില കേസുകളിൽ കുറ്റപത്രത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് നടി പരാതിയിൽനിന്നും പിൻവാങ്ങുന്നത്.