ന്യൂഡൽഹി: ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നിയമങ്ങൾ ലംഘിച്ചെന്നും അദാനിക്ക് സംരക്ഷണം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഡിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വ്യവസായ പ്രമുഖനും അദാനി ഗ്രൂപ്പ് തലവനുമായ ഗൗതം അദാനിക്കെതിരെ യു.എസിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തിയതിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
രാജ്യത്ത് ഇപ്പോഴും അദാനി സ്വതന്ത്രനായി തുടരുന്നു. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അഴിമതിയിൽ പങ്കുണ്ട്. അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഇതിന് പിന്നിലുള്ളവരെയും അറസ്റ്റ് ചെയ്യണം.
പ്രധാനമന്ത്രിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. അതുകൊണ്ടാണ് മോഡി ഒന്നും ചെയ്യാത്തത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്ററി സമിതി(ജെ.പിസി) അന്വേഷിക്കണം.
ആര് കുറ്റം ചെയ്താലും ജയിലിലിടുമെന്ന് പറഞ്ഞ മോഡി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോഡിക്ക് ഇനി നടപടി എടുക്കണമെന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോഡിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്. ഈ അഴിമതിയിൽ ആർക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും പ്രസ്തുത നെറ്റ്‌വർക്കിനെ തുറന്നുകാട്ടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.