തിരുവനന്തപുരം: മലപ്പള്ളിയിലെ വിവാദ ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. മന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും കോടതി തന്റെ ഭാഗം കേൾക്കാത്തിടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സജി ചെറിയാൻ അറിയിച്ചു.
ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയത്. അതിനാൽ കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. അതിന്റെ കാരണവും കോടതി പറഞ്ഞു കാണുമല്ലോ. കോടതി തന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. അത് കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ താൻ ഇതിലെ ഒരു കക്ഷിയായിട്ടില്ല. പോലീസ് അന്വേഷണത്തിൽ കൊടുത്ത റിപോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്ത തീരുമാനവുമാണ് ഹൈക്കോടതി പരിശോധിച്ചത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന നിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മല്ലപ്പളളിയിലെ മന്ത്രിയുടെ വിവാദ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പോലീസ് റിപോർട്ട് തളളി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപാർട്ട് റദ്ദാക്കി, അത് സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ പാളിച്ചകളണ്ടായെന്നും സി സി ടി വി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു.