പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് 70.18 ശതമാനം കടന്നു. പോളിങ് സമയം അവസാനിച്ചെങ്കിലും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂ ഉള്ളതിനാൽ ഇവർക്കെല്ലാം പ്രത്യേകം ടോക്കൺ നൽകിയിരിക്കുകയാണ്. അതിനാൽ അന്തിമ പോളിങ് കണക്കുകൾക്ക് കുറച്ചുകൂടി സമയം കാത്തിരിക്കണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാവിലെ ആറിന് ആരംഭിച്ച വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറിൽ വെണ്ണക്കര സ്‌കൂളിൽ സംഘർഷാവസ്ഥയുണ്ടായി. സ്ഥാനാർത്ഥിയുടെ ബൂത്ത് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷാവസ്ഥ പോലീസ് ഇടപെട്ട് ശാന്തമാക്കിയിട്ടുണ്ട്.
ഇരട്ട വോട്ടും വിവാദ പത്രപ്പരസ്യവും ട്രോളി പ്രതിഷേധങ്ങളും വിവിധ പാർട്ടി നേതാക്കളുടെ ചാഞ്ചാട്ടങ്ങൾ അടക്കമുള്ള വിവാദങ്ങൾ കത്തിനിന്ന ശേഷമാണ് ത്രികോണ പോരാട്ടം നിലനിൽക്കുന്ന മണ്ഡലത്തിൽ ജനം വിധിയെഴുതിയത്.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണുള്ളത്. ഇതിൽ ഒരുലക്ഷത്തിലേറെ പേർ സ്ത്രീ വോട്ടർമാരാണ്.
യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫിലെ ഡോ. സരിനും എൻ.ഡി.എയിലെ സി കൃഷ്ണകുമാറും തമ്മിലുള്ള ഇഞ്ചോടിച്ച് പോരാട്ടമാണ് മണ്ഡലത്തിൽ പ്രകടമായത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയാണ് പുലർത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.