പാലക്കാട്: ഒരുമാസത്തെ പ്രചാരണ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പിന് ആവേശകരമായ തുടക്കം. വോട്ടിംഗ് ആരംഭിക്കും മുമ്പേ രാവിലെ ആറരയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇപ്പോഴും പലേടത്തും വോട്ടർമാരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്.
അതിനിടെ, ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ പാലക്കാട് 88-ാം നമ്പർ ബൂത്തിൽ വി വി പാറ്റിലെ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് പോളിംഗ് വൈകി. തുടർന്ന് സരിൻ വോട്ട് ചെയ്യാതെ മറ്റൊരു സമയമാകുമ്പോഴേക്കും വരാമെന്നു പറഞ്ഞ് മടങ്ങി. ശേഷം ഇവിടെ ഒരുണിക്കൂറിന് ശേഷമാണ് വി വി പാറ്റ് ഡിസ്‌പ്ലേയിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്. 184 ബൂത്തുകളിലും പോളിംഗ് രാവിലെ ഏഴിനുതന്നെ ആരംഭിച്ച് സമാധാനപരമായി മുന്നോട്ടു പോകുകയാണ്.
ത്രികോണ മത്സരമാണ് മണ്ഡലത്തിൽ പ്രകടമാവുന്നത്. യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫിലെ ഡോ. സരിനും എൻ.ഡി.എയിലെ സി കൃഷ്ണകുമാറും തമ്മിലുള്ള ഇഞ്ചോടിച്ച് പോരാട്ടമാണ് മണ്ഡലത്തിലുള്ളത്. അവകാശവാദങ്ങൾക്കും ആത്മവിശ്വാസങ്ങൾക്കും ആർക്കും കുറവില്ലെങ്കിലും ശനിയാഴ്ചയെ പിഴക്കാത്ത കണക്കുകൾ ലഭിക്കൂ. അതിനായി കണ്ണും കാതും മനസ്സും കൊടുത്ത് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.