- ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.
ന്യൂഡൽഹി: ഐ എസ് ആർ ഒയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിൽ, അദ്ദേഹത്തിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.01-നായിരുന്നു വിക്ഷേപണം. 34 മിനിട്ടുള്ള യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിയതായി ഐ എസ് ആർ ഒ അറിയിച്ചു.
4,700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐ എസ് ആർ ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എൽ വി എം-3യുടെ പരമാവധി വാഹകശേഷിയേക്കാൾ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്‌സിന്റെ സഹായം തേടിയതെന്ന് അധികൃതർ പറഞ്ഞു.
വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ഒരുക്കാൻ ഇവ സഹായിക്കും. ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും സഹായകമാണ്. ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ് 20 ഉപഗ്രഹം സഹായിക്കും. ആൻഡമാൻ നിക്കോബർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി ലഭ്യമാവും.
ഇതാദ്യമായാണ് എൈ എസ് ആർ ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ എസ് ഐ എൽ) വഴി സ്‌പേസ് എക്‌സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.