- മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും തടങ്കൽ പാളയത്തിൽ. മുമ്പ് ഇങ്ങനെ ആയിരുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
- സാദിഖലി തങ്ങൾ ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റിനെ വിമർശിക്കാൻ പാടില്ലെന്നാണോ? – എം.വി ഗോവിന്ദൻ
കണ്ണൂർ: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിലുള്ള വിമർശങ്ങളിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.
സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമർശമാണ് ഉന്നയിച്ചത്. എന്നാൽ, ഉടനെ തന്നെ മതപരമായ വികാരം രൂപപ്പെടുത്താൻ വേണ്ടിയുള്ള വർഗീയ അജണ്ട ചിലയാളുകൾ കൈകാര്യം ചെയ്യുകയാണ്.
സാദിഖലി തങ്ങൾ ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് എന്നർത്ഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ലെന്നാണോ? തങ്ങൾ വിമർശത്തിന് അതീതനാണോ? അങ്ങനെ പറഞ്ഞാൽ മനസിലാക്കാം. എന്നാൽ, അതിന്റെ അപ്പുറം കടന്ന് ലീഗിൽ തന്നെ വലിയ പ്രസക്തി ഒന്നുമില്ലാത്ത ആളുകൾ സാദിഖലിയെ കുറിച്ച് പറഞ്ഞാൽ വിവരമറിയും എന്നടക്കം പ്രതികരിക്കുന്നു. എന്തും പറയാൻ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും തടങ്കൽ പാളയത്തിലാണ് ലീഗ് ഉള്ളതെന്ന് വെറുതെ പറയുന്നതല്ല. മതവികാരത്തെ ആളിക്കത്തിക്കാനുള്ള ലിഗ് ശ്രമം ജനങ്ങൾ തിരിച്ചറിയണം. ലീഗ് നേരത്തെ ഇങ്ങനെയായിരുന്നില്ല. ജനാധിപത്യപരമായ സമീപനം സ്വീകരിച്ച പാർട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസിന്റെ മറുവശമാണ്. ജമാഅത്തുമായി സി.പി.എം രാഷ്രീയ സഖ്യമുണ്ടാക്കിയിട്ടില്ല. സന്ദീപ് വാര്യർ ഇതുവരെ ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചെന്ന് മാത്രമാണ് പറഞ്ഞത്. സന്ദീപ് വർഗീയ പ്രചരണം നടത്തിയ ആആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.