പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനുള്ള അവസാനവട്ട ശ്രമങ്ങൾക്കിടെയാണ് ഇരുവരും അപ്രതീക്ഷിതമായി ഒരുമിച്ച് കണ്ടത്. ശേഷം ഇരുനേതാക്കളും ഒരേ വേദിയിലുമെത്തി.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ പരിപാടിയിലാണ് സന്ദീപ് വാര്യരും കെ മുരളീധരനും വേദി പങ്കിട്ടത്. കാറിൽ നിന്നിറങ്ങിയ ഉടനെ സന്ദീപ് മുരളീധരന്റെ അടുത്തേക്ക് ഓടിച്ചെല്ലുകയും അദ്ദേഹത്തിന് ഹസ്തദാനം ചെയ്ത് വണങ്ങുകയുമായിരുന്നു. ശേഷം മുരളീധരൻ ചിരിച്ച് സന്തോഷത്തോടെ സന്ദീപിനെ ത്രിവർണ ഷാൾ അണിയിക്കുകയായിരുന്നു. ഈ മഞ്ഞുരുകലിനെ ഇവർക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കയ്യടിച്ചാണ് സ്വീകരിച്ചത്.
സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള വരവിൽ ആദ്യം അതൃപ്തി പ്രകടമാക്കിയ കെ മുരളീധരൻ പിന്നീട് പാർട്ടി തീരുമാനം എന്ന നിലയ്ക്ക് പിന്തുണക്കുകയും ചില രാഷ്ട്രീയ വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. സ്‌നേഹത്തിന്റെ കടയിലേക്ക് താൻ വന്നിരിക്കുന്നുവെന്ന സന്ദീപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്നായിരുന്നു മുരളീധരന്റെ ഓർമപ്പെടുത്തൽ.
രണ്ട് കാര്യങ്ങളാലാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്ന് കെ മുരളീധരൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിൽ ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതും രണ്ടാമത്തേത് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതുമാണ്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി വ്യക്തിപരമായി പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.