- വിയൂരിൽ നിന്ന് കണ്ണൂർ ജയിലിൽ പോകുന്നത് പോലെയാണ് ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിൽ പോകുന്നതെന്ന് സന്ദീപ് വാര്യർ
പാലക്കാട്: മന്ത്രി എം.ബി രാജേഷും ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രനുമൊക്കെ പറയുന്നത് ഒരമ്മ പെറ്റ മക്കളെ പോലെയാണെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. വിയൂരിൽ നിന്ന് കണ്ണൂർ ജയിലിൽ പോകുന്നത് പോലെയാണ് ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിൽ പോകുന്നതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. പാലക്കാട് കിനാശ്ശേരിയിലെ യു.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സന്ദർശനത്തിന്റെ പേരിൽ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമർശിച്ചത് ദൗർഭാഗ്യകരമാണ്. പാലക്കാട്ട് സി.പി.എം-ബി.ജെ.പി ഡീലുണ്ട്. എന്റെ പഴയ നിലപാടുകളിൽ ഒന്നിൽ മാത്രം ഞാൻ ഉറച്ചുനിൽക്കുന്നു. സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലാണത്. മസാല ബോണ്ട്, വ്യാജ ഒപ്പ് ഉൾപ്പെടെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ ആരോപങ്ങൾ ആദ്യം ഉന്നയിച്ചത് താനാണെന്നും സന്ദീപ് വാര്യർ അവകാശപ്പെട്ടു.
കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശത്തിലും സന്ദീപ് വാര്യർ പ്രതികരിച്ചു. സുരേന്ദ്രൻ പറഞ്ഞത് പൊളിറ്റിക്കലി മാത്രമല്ല, പുരാണപരമായും തെറ്റാണ്. ശിഖണ്ഡി പാണ്ഡവരുടെ കൂടെയായിരുന്നു. സുരേന്ദ്രൻ അമർ ചിത്ര കഥയെങ്കിലും വായിക്കണമെന്നും സന്ദീപ് കളിയാക്കി.
കോൺഗ്രസിന്റെ പരിശുദ്ധിക്ക് കോട്ടം വരുത്താതെ ഞാൻ ഇനിയുള്ള നാളുകൾ പ്രവർത്തിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പറയുന്ന കോൺഗ്രസാണിനി എനിക്ക്. ഈ പാലക്കാട് യു.ഡി.എഫിന് തരില്ലേയെന്നും പാലക്കാട് ഞങ്ങള് ഇങ്ങ് എടുക്കുവാണെന്നും പറഞ്ഞാണ് സന്ദീപ് പ്രസംഗം അവസാനിപ്പിച്ചത്.