റിയാദ്- റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുമുണ്ടായില്ല. കേസിൽ വിധി രണ്ടാഴ്ചക്ക് ശേഷം പറയുമെന്ന് റിയാദ് ക്രിമിനൽ കോടതി വ്യക്തമാക്കി. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽനിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. ഇന്ന് രാവിലെ എട്ടരക്കാണ് കേസ് കോടതി പരിഗണിച്ചത്.
അതിനിടെ റഹീമിന്റെ ഉമ്മയും സഹോദരനും നാട്ടിലേക്ക് തിരിച്ചു. പതിനാറിന് ദിവസത്തിന് ശേഷമാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.