- മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണ്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണെന്നും സന്ദീപ് വാര്യർ.
മലപ്പുറം: ബി.ജെ.പി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട്ടെത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി.
മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് പറഞ്ഞു.
ഈ തറവാടിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബി.ജെ.പിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണ മാറ്റാൻ സഹായമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. മലപ്പുറത്ത് മാനവിക സൗഹാർദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്നും ഇത് രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് എന്നെ അറിയുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം ഈയിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോൾ ഞാൻ കുറച്ചകലെ നിൽക്കുന്നത് കണ്ട് എന്നെ വിളിച്ചുവരുത്തി പരിപാടിയിൽ പങ്കാളിയാക്കി. ഇദ്ദേഹത്തെ പോലുള്ള നേതാക്കളുടെ മാതൃക കണ്ടുപഠിക്കാനുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
യൂത്ത് ലീഗിന്റെ പ്രവർത്തകർ നാട്ടിലും പുറത്തുമെല്ലാം എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.