ചെന്നൈ: തമിഴ്‌നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഒളിവിലായിരുന്ന ബി.ജെ.പി നേതാവും നടിയുമായ കസ്തൂരി അറസ്റ്റിൽ. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം പൊതുപരിപാടിയിൽ സംസാരിച്ചതിനു പോലീസ് കേസെടുത്തതിനു പിന്നാലെ നടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചത്.
വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ നടിക്കെതിരേ ചുമത്തിയിട്ടുണ്ട്. മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ച കസ്തൂരി ബി.ജെ.പിയുടെ തീപ്പൊരി നാവുകളിലൊന്നാണ്. നടിയെ ഹൈദരാബാദിൽനിന്നും ചെന്നൈയിലേക്ക് കൊണ്ടുവരികയാണെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.