ആലപ്പുഴ : പ്രതിരോധരംഗത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സ്വാധീനം മുതൽ ജോലി സാധ്യതകൾ വരെയുള്ള ചോദ്യങ്ങൾ കൊണ്ട് വിജ്ഞാന സമൃദ്ധവും രസകരവുമായി മാറി സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസുമായി വിദ്യാർഥികൾ നടത്തിയ ശാസ്ത്രസംവാദം.
പ്രതിരോധ രംഗത്ത് ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റം എന്ന വിഷയത്തില്‍
ശാസ്ത്ര സംവാദം നടന്നത് ടെസി തോമസ് അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസുവരെ പഠിച്ച ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിലായിരുന്നു.
താൻ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയായിരുന്നു എന്നും സയൻസും മാത്തമാറ്റിക്സും പകർന്നുതന്ന സ്വർഗതുല്യമായ സ്ഥലമാണ് സെൻ്റ് ജോസഫ് സ് സ്കൂൾ എന്നു പറഞ്ഞപ്പോൾ സദസ് നിറകൈയടിയോടുകൂടിയാണ് ആ വാക്കുകൾ സ്വീകരിച്ചത്.
ഒരു ശാസ്ത്രജ്ഞൻ എന്നാൽ ഓരോ നിമിഷവും ഓരോ സെക്കൻ്റ്റ്റും പുതിയ വിവിരങ്ങൾ തൻ്റെ അറിവ് വർധിപ്പിക്കുന്നതിനായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്ന് ടെസി തോമസ് തൻ്റെ ശാസ്ത്ര ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരമായി നൽകി. 30 വർഷം മുമ്പുള്ള സങ്കേതിക വിദ്യയല്ല ഇന്നുള്ളതെന്നും കൈകൊണ്ട് എടുക്കാൻ പറ്റാത്ത തരത്തിലുള്ള മൈക്രോ പ്രോസസ്സർ ചിപ്പുകളുടെ കാലഘട്ടത്തിൽവരെ നമ്മൾ എത്തി നിൽക്കുയാണന്നും ടെസി തോമസ് പറഞ്ഞു.
ലിയോ തേർട്ടിന്ത് സ്കൂളിലെ അബ്ദുള്ള ഫാത്തിഹ് എന്ന വിദ്യാർഥി ഒരു ശാസ്ത്രജ്ഞയാകാൻ ജീവിതത്തിൽ അനുഭവിച്ച ത്യാഗങ്ങളും വെല്ലുവിളികളെയും പറ്റി ചോദിച്ചപ്പോൾ
ജീവിതത്തിൽ വെല്ലുവിളികൾ വന്നുകൊണ്ടിരിക്കുമെന്നും നമ്മൾ ജീവിതത്തിൽ അറിവ് നേടാനുള്ള പഠനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണെങ്കിൽ ഒരു വെല്ലുവിളിക്കും നമ്മളെ തോല്പിക്കാൻ ആകില്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ നമ്മുടെ അറിവിലൂടെ സാധിക്കുമെന്നും ടെസി തോമസ് പറഞ്ഞു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിഎ പി ജെ അബ്ദുൽ കലാമും ഒത്തുള്ള ഓർമ്മകളെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ എളിമയും ജോലി ചെയ്ത അനുഭവങ്ങളും ‘ഡു യുവർ ജോബ് ലേൺ ലേൺ ലേൺ……..’ എന്ന അബ്ദുൽ കലാമിൻ്റെ ഉപദേശവും ടെസി തോമസ് വിദ്യാർഥികളുമായി പങ്കുവെച്ചു.
ഗവ: മുഹമ്മദൻസ് എച്ച് എസ് എസിലെ ലിബാ അസ് ലം പ്രതിരോധ രംഗത്ത് സംഭവിക്കുന്ന സൈബർ ആക്രമണങ്ങളെ തടയാൻ സ്വീകരിച്ചിരിക്കുന്ന നടപടികളെപറ്റി ചോദിച്ചപ്പോൾ, പൂങ്കാവ് എം ഐ എച്ച് എസിലെ എം കെ നാരായണൽ മിസൈൽ വിക്ഷേപിച്ച് കഴിഞ്ഞതിന് ശേഷം ഉണ്ടാകുന്ന താപോർജ്ജം നിയന്ത്രിക്കുന്നതിനുള്ള വഴികളും കാർമ്മൽ അക്കാഡമയിലെ അന്നാ മറിയം ജോൺ എപ്പോഴാണ് ശാസ്തജ്ഞയാകാനുള്ള ആഗ്രഹം ഉണ്ടായത് എന്നീ ചോദ്യങ്ങളും ചോദിച്ചു.
അഗ്നി മിസൈലുകളെ പറ്റിയും, പ്രതിരോധ രംഗത്തെ തൊഴിൽ സാധ്യതകളെ പറ്റിയുള്ള ചോദ്യങ്ങളും വിദ്യാർഥികളുടെ ഭാഗത്തും നിന്നുണ്ടായി.
ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാനും പി പി ചിത്തരജ്ഞൻ എം എൽ എ യും ചേർന്ന് ഡോ ടെസി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകർ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . ശാസ്ത്രാധ്യാപകന്‍ എന്‍ ജയന്‍ മോഡറേറ്ററായിരുന്നു.