- സന്ദീപ് വാര്യരെ പോലെ ഒരാളെ പാർട്ടിയിൽ എടുക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ല. വിദ്വേഷ പ്രചരണം നടത്തിയയാളെ ഞങ്ങൾ എടുത്തില്ല. വാര്യർ വെറും ബി ജെ പിയല്ല, ആർ.എസ്.എസ് ആണ്. കുട്ടിക്കാലം മുതലെ ശാഖയിൽനിന്ന് പഠിച്ച് വന്നയാളാണ്. ഇത്രയും വിദ്വേഷ പ്രചാരം നടത്തിയയാളെ തലയിൽ ചുമന്ന് കൊണ്ടുനടക്കുന്നവരെ വെളുപ്പിക്കാനാവില്ലെന്നും മന്ത്രി എം ബി രാജേഷ്.
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. വർഗീയതയുടെ കാളിയനെ കഴുത്തിലിട്ട് അലങ്കാരമാക്കി നടക്കാൻ കോൺഗ്രസിനെ പറ്റൂ. സന്ദീപ് വാര്യരെ പോലെ ഒരാളെ പാർട്ടിയിൽ എടുക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ലെന്നും മന്ത്രി പ്രതികരിച്ചു.
കോൺഗ്രസിലെ മതനിരപേക്ഷവാദികൾക്കും ലീഗിലെ നേതാക്കൾക്കും കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യർ? ജനങ്ങളോട് സമാധാനം പറയേണ്ടി വരില്ലേ. സന്ദീപ് വാര്യരെ സി.പി.എമ്മിൽ എടുക്കുന്ന കാര്യത്തിൽ ഔദ്യോഗികമായി ഒരു ചർച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സന്ദീപ് ഉന്നയിച്ചത്. വർഗീയതയുടെ കാര്യത്തിൽ ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ല.
അമ്മയുമായി ബന്ധപ്പെട്ടും മറ്റും ബി.ജെ.പി നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ പറഞ്ഞ വൈകാരിക കാര്യങ്ങളിൽ എ കെ ബാലൻ ആശ്വാസ വാക്ക് പറഞ്ഞുവെന്നുമാത്രം. എ കെ ബാലൻ നല്ല മനുഷ്യനാണ്. എല്ലാവരെയും കുറിച്ച് നല്ലത് മാത്രമേ പറയൂ. അതിനപ്പുറം രാഷ്ട്രീയത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് പോലുള്ള ഭാഷ ബാലൻ ഉപയോഗിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
ബി ജെ പിക്കുവേണ്ടി കെ മുരളീധരനെ കാലുവാരിയവരാണ് കോൺഗ്രസുകാർ. കെ മുരളീധരനെ കാലുവാരി തോൽപ്പിച്ചവരാണിപ്പോൾ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാർട്ടിയിൽ എടുത്തിട്ടുള്ളത്. വർഗീയതയെ പരസ്യമായി തള്ളിപ്പറയണമെന്നാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ, ഈ നിലപാട് ഞങ്ങളോട് പറഞ്ഞിട്ടില്ല. കശ്മീരിലുള്ള ആളുകളെ മുഴുവൻ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടണമെന്ന പ്രസ്താവന ഓർക്കുന്നില്ലേ? അതെല്ലാം അന്തരീക്ഷത്തിൽ നിൽക്കുകയാണ്. രാഹുൽഗാന്ധി രാജ്യദ്രോഹിയാണ് എന്ന പ്രസ്താവനയും നിലനില്ക്കുകയാണ്. വിദ്വേഷ പ്രസ്താവനയ്ക്ക് ഒരു പുരസ്‌കാരം ലഭിച്ചാൽ ശശികല ടീച്ചറെ പോലും രണ്ടാമതാക്കും. അങ്ങനെയുള്ള ഒരാളെയാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്. പച്ചക്കൊടി കണ്ടതിന്റെ പേരിൽ പ്രസംഗിക്കാതെ പോയ പ്രിയങ്ക ഗാന്ധിയുടെ പാർട്ടിയിൽ ചേരാൻ പറ്റിയ ആളാണ് സന്ദീപ് വാര്യർ നല്ല അലങ്കാരമായിരിക്കുമെന്നും മന്ത്രി പരിഹസിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ സന്ദീപിനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത് ചോദിച്ചപ്പോൾ നാളെ സന്ദീപ് വാര്യർ നല്ല മനുഷ്യനാകുമെന്ന അർത്ഥത്തിലാണ് എ കെ ബാലൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു ന്യായീകരണം. വിദ്വേഷ പ്രചരണം നടത്തിയയാളെ ഞങ്ങൾ എടുത്തിട്ടില്ല. സന്ദീപ് വാര്യർ വെറും ബി ജെ പിയല്ല, ആർ.എസ്.എസ് ആണ്. കുട്ടിക്കാലം മുതലെ ശാഖയിൽനിന്ന് പഠിച്ച് വന്നയാളാണ്. ഇത്രയും വിദ്വേഷ പ്രചാരം നടത്തിയയാളെ തലയിൽ ചുമന്ന് കൊണ്ടുനടക്കുന്നവരെ വെളുപ്പിക്കാനാണോ ഇറങ്ങിയിരിക്കുന്നത്. നിങ്ങൾ വിചാരിച്ചാൽ വെളുപ്പിക്കാനാവില്ലെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.