- സന്ദീപിന്റെ പോക്ക് കേരളത്തിലോ ബി.ജെ.പിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയെന്നും ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചത്. ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒപ്പം വി ഡി സതീശനും സുധാകരനും ഞാൻ എല്ലാ ആശംസയും നേരുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ ഞാൻ സുധാകരനോടും സതീശനോടും ഞാൻ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വി ഡി സതീശൻ ശ്രീനിവാസൻ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. ഈ പോക്ക് കേരളത്തിലോ ബി.ജെ.പിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ പാർട്ടി നേരത്തെയും നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആയിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയപാർട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. ഇപ്പോഴും അത് പറയാനാഗ്രഹിക്കുന്നില്ല. നിങ്ങളിൽ പലർക്കുമറിയാം. സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണമെന്നും സ്‌നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെയെന്നും സുരേന്ദ്രൻ പരിഹസിച്ചു.