പാലക്കാട്: ബി.ജെ.പിയുമായി ഇടഞ്ഞ് ഇടതുപക്ഷം വാതിലുകൾ തുറന്ന് കാത്തിരുന്ന സന്ദീപ് വാര്യർ ഒടുവിൽ കോൺഗ്രസിൽ അഭയം കണ്ടെത്തി.
വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് താൻ സ്‌നേഹത്തിന്റെ കടയിൽ പ്രവേശിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ മഹാസമുദ്രത്തിന്റെ ഭാഗമാകുമെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിൽവെച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാൾ അണിയിച്ച് സന്ദീപ് വാര്യറെ സ്വീകരിച്ചു.
സന്ദീപിനെ കൂടെ നിർത്താൻ സി.പി.എമ്മും സി.പി.ഐയുമെല്ലാം നിരന്തരമായ നീക്കങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപിനെ കോൺഗ്രസ് ക്യാമ്പ് റാഞ്ചിയത്.
സന്ദീപിന്റെ പാർട്ടി പ്രവേശത്തിനായി കരുക്കൾ നീക്കി അദ്ദേഹത്തിന് സി.പി.എം നേതാക്കൾ നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് ഹാജറാക്കിയാണ് സന്ദീപിന്റെ പാർട്ടി മാറ്റത്തെ കോൺഗ്രസ് നേതാക്കളും ന്യായീകരിച്ചത്. ഒരു സംഘപരിവാർ നേതാവിന് സി.പി.എം നേതൃത്വം നൽകിയ ‘പരിശുദ്ധി’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ സന്ദീപിനെ സ്വീകരിക്കാനും ന്യായീകരിക്കാനും കോൺഗ്രസ് നേതാക്കൾക്കും കാര്യങ്ങൾ എളുപ്പമായി. ഇതാകട്ടെ സി.പി.എം ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയും.