- രാഷ്ട്രീയമായി അധപ്പതിച്ചുകഴിഞ്ഞാൽ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്ക്കാനാവൂ എന്ന് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷമായ വിമർശങ്ങളുയർത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുമായ പി ശശി കോടതിയിൽ അപകീർത്തി ഹർജി നല്കി.
തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹർജി നല്കിയത്. തനിക്കെതിരെ അൻവർ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ നേരത്തെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി കോടതിയെ സമീപിച്ചതെന്ന് ശശി പറഞ്ഞു.
പി.വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളുണ്ടെന്ന് പി ശശി ആരോപിച്ചു. രാഷ്ട്രീയമായി അധപ്പതിച്ചുകഴിഞ്ഞാൽ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്ക്കാനാവൂ. അതാണിപ്പോൾ അൻവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ ഒരുപാട് അധോലോക സംഘങ്ങളുണ്ട്.
സർക്കാറിന്റെ അഴിമതിരഹിതമായ ജനനന്മ ഉയർത്തിയുള്ള ഭരണത്തിന്റെ ഫലമായി നഷ്ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോക സംഘങ്ങളുണ്ട്. ആ അധോലോക സംഘങ്ങളുടെയെല്ലാം പിൻബലം, ഗവണ്മെന്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവർക്കും കിട്ടിയെന്നും വന്നേയ്ക്കാം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരായ ആരോപണമെന്നും ശശി ആരോപിച്ചു.