- വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. മുനമ്പം ഭൂമി കാര്യത്തിൽ മുസ്‌ലിം സംഘടനകളുടെ ഏകോപനസമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്തിപ്പെടുത്താൻ ഭൂമി വിട്ടുകൊടുക്കാനാകില്ല. രാഷ്ട്രീയപാർട്ടികൾ അല്ല, മത പണ്ഡിതരാണ് ഇതിൽ അഭിപ്രായം പറയേണ്ടതെന്നും സമസ്തയുടെ യുവജനവിഭാഗം നേതാവ്
കോഴിക്കോട്: മുനമ്പത്തെ തർക്കഭൂമി വഖഫ് ഭൂമി തന്നെയെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം. ചില രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് ‘വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റുകൾക്ക് ഉള്ളതല്ല’ എന്ന തലക്കെട്ടിൽ സമസ്തയുടെ യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു.
മുനമ്പം ഭൂമി കാര്യത്തിൽ മുസ്‌ലിം സംഘടനകളുടെ ഏകോപനസമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്തിപ്പെടുത്താൻ അങ്ങനെ ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിസോർട്ട് ഉടമകളും മാഫിയകളുമാണ് വഖഫ് സ്വത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം പത്രത്തിന്റെ സി.ഇ.ഒയുമായ ലേഖകൻ പറയുന്നു.
മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും പറയുന്ന ലേഖകൻ മുനമ്പത്തെ കുടികിടപ്പുകാർ നിരപരാധികളാണെന്നും അവർക്ക് നീതി ലഭിക്കണമെന്നും പറയുന്നു. കൈയേറ്റമുണ്ടായ വഖഫ് ഭൂമി തിരിച്ചുകിട്ടാനുള്ള നിയമപോരാട്ടം നടത്തേണ്ടതിന്റെ പ്രഥമ ഉത്തരവാദിത്തമുള്ളവരാണ് വഖഫ് ബോർഡെന്നും അഡ്ജസ്റ്റ്‌മെന്റിന്റെ പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്തെന്നും ലേഖനം അടിവരയിടുന്നു.
‘വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. രാഷ്ട്രീയപാർട്ടികൾ അല്ല, മത പണ്ഡിതരാണ് ഇതിൽ അഭിപ്രായം പറയേണ്ടത്. താൽപര്യങ്ങളുടെയും അഡ്ജസ്റ്റ്‌മെന്റിന്റെയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തിൽ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടണം. സർക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം. എന്നാൽ, അത് വഖഫ് ഭൂമിയേറ്റെടുത്തുകൊണ്ടാകരുത്. ശാശ്വത പരിഹാരം കാണുമ്പോൾ നിരപരാധികളെ ഭവനരഹിതരാക്കി ഇറക്കിവിടുകയും ചെയ്യരുത്. കുടികിടപ്പുകാർക്ക് മാനുഷിക പരിഗണന നൽകണം.
കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ പള്ളികൾ ഉൾപ്പെടെ വഖഫ് സ്ഥാപനങ്ങളും ഭൂമിയും വാഖിഫിന്റെ തീരുമാനത്തിന് വിരുദ്ധമായി കൈയേറിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ പത്തോളം സുന്നി പള്ളികൾ മുജാഹിദ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ശാദുലിപ്പള്ളി, പട്ടാളപ്പള്ളി, മുഹ്‌യുദ്ദീൻ പള്ളി എന്നിവ അവയിൽ ചിലതാണ്. സുന്നി വിശ്വാസാചാരങ്ങൾ നടന്നിരുന്ന മുഹ്‌യുദ്ദീൻ പള്ളിയിൽ റാത്തീബ് ഖാന വരെയുണ്ടായിരുന്നു. കൈയേറ്റക്കാരിൽ നിന്ന് ഈ പള്ളികളെ സംരക്ഷിക്കേണ്ട വഖഫ് ബോർഡ് ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്തം മറക്കുകയാണ്.
മുനമ്പം വിഷയം മുൻനിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണത്തിനും മുതലെടുപ്പിനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് കരുതി വഖഫ് ഭൂമി ആർക്കെങ്കിലും സമാധാന സംസ്ഥാപനത്തിന് ബലി നൽകാനാവില്ല. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കന്മാർ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കുന്നത്? കോടതി നിർദേശങ്ങളും കമ്മിഷൻ റിപ്പോർട്ടുകളുമുണ്ടായിരിക്കെ വഖഫ് ഭൂമിയല്ലെന്ന് വരുത്താനുള്ള രാഷ്ട്രീയപാർട്ടികളുടെയും വിഷയത്തിൽ നിരുത്തരവാദ സമീപനം സ്വീകരിച്ചവരുടെയും ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.
മുനമ്പത്തിന് സമാനമായി അന്യാധീനപ്പെട്ട നിരവധി വഖഫ് സ്വത്തുക്കൾ സംസ്ഥാനത്തുണ്ട്. വഖഫ് ഭൂമിയിൽ അഡ്ജസ്റ്റ്‌മെന്റുകൾ നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയപാർട്ടികളും സർക്കാരും ഇത്തരം സ്വത്തുക്കൾ ഭാവിയിൽ അപഹരിക്കാനുള്ള വഴിയൊരുക്കുകയാണ്. ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയ്ക്ക് വഖഫ് സ്വത്ത് പിടിച്ചെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും’ ലേഖകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾ ഉൾപ്പെടെ മറ്റു മുസ്‌ലിം സംഘടനകൾ സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമാണ് സമസ്ത മുഖപത്രത്തിലെ ലേഖനമെന്നാണ് വിമർശം ഉയരുന്നത്. സമസ്തയുടെ നിലപാട് നേതാക്കൾ നേരത്തെ വ്യക്തമാക്കിയതാണെങ്കിലും അതിന് വിരുദ്ധമായി യുവജനവിഭാഗം നേതാവ് എഴുതിയ ലേഖനം വ്യക്തിപരമെന്ന നിലയ്ക്ക് സമസ്ത തള്ളാനാണ് സാധ്യതയെങ്കിലും മുക്കം ഉമർ ഫൈസിയെ പോലുള്ള ചില നേതാക്കളും ലേഖകൻ ഉയർത്തിയ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരാണ്.
മുനമ്പത്തെ ആയുധമാക്കി വർഗീയ ചേരിതിരിവിനായി സംഘപരിവാറും കാസ പോലുള്ള ചില സംഘടനകളും ശ്രമം നടത്തുമ്പോൾ സമവായത്തിനായി മുസ്‌ലിം ലീഗ് അടക്കമുള്ള പാർട്ടികൾ ശ്രമിക്കവേയാണ് സമസ്തയിൽനിന്നു തന്നെ അതിന്റെ നിലപാടിനെ ചോദ്യം ചെയ്യുംവിധത്തിലുള്ള അഭിപ്രായ പ്രകടനവുമായി ചില നേതാക്കൾ രംഗത്തുവരുന്നത്.
പ്രശ്‌നം വഷളാവുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും കാര്യങ്ങളെ കുറെക്കൂടി പക്വതയോടും ദീർഘവീക്ഷണത്തോടും കൂടി നേതാക്കൾ കൈകാര്യം ചെയ്യണമെന്ന് പലരും ഓർമിപ്പിക്കുന്നു. പ്രശ്‌നപരിഹാരം നീണ്ടുപോകാതിരിക്കാൻ സംസ്ഥാന സർക്കാറും കടുത്ത ജാഗ്രത തുടരുന്നതിനിടെയാണ് പുതിയ വിമർശങ്ങൾ ഉയരുന്നത്.
അതിനിടെ, മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരം വൈകിയാൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ബിഷപ്പുമാരുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവും ലീഗ് ദേശീയ ജനറൽസെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സാദിഖലി തങ്ങൾ പ്രശ്‌നപരിഹാരത്തിനു മുൻകൈയെടുത്ത് ബിഷപ്പുമാരുമായി സംസാരിക്കും. പരിഹാരം അകാരണമായി നീട്ടിക്കൊണ്ടുപോകുന്നത് സംസ്ഥാന സർക്കാരാണന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.