ന്യൂഡൽഹി: തുടർച്ചയായി വിഷപ്പുകയിൽ മുങ്ങിയതോടെ രാജ്യതലസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും അഞ്ചാം ക്ലാസ് വരെയുള്ള പഠനങ്ങളെല്ലാം ഓണലൈനിൽ ആക്കാനും തീരുമാനം. വാഹനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി.
മൂന്നാം ദിവസവും നഗരം പുക മൂടിയ നിലയിലാണ്. ഇത് വിമാനസർവീസുകൾക്കും മറ്റ് ഗതാഗതങ്ങൾക്കും ആരോഗ്യത്തിനുമെല്ലാം കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാറിന്റെ തീരുമാനം.
എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് ഗ്രഡഡ് റസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ സ്റ്റേജ് 3 പ്രകാരമുള്ള കർശന മലിനീകരണ വിരുദ്ധ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ മോഡിലായിരിക്കുമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.
എല്ലാ അന്തർ സംസ്ഥാന ബസുകളും (ഇലക്ട്രിക്, സി എൻ ജി, ബി എസ്-6 ഡീസൽ വാഹനങ്ങൾ ഒഴികെ) ഡൽഹിയിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിർമാണവും പൊളിക്കൽ പ്രവർത്തനങ്ങളും നിരോധിച്ചു, ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും താത്കാലികമായി നിർത്തി, പ്രധാന റോഡുകളിൽ ദിവസവും വെള്ളം തളിക്കുന്നത് അടക്കമുള്ള വിവിധ നടപടികൾക്കും കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ വിവിധ റൂട്ടുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) റിപോർട്ടനുസരിച്ച് രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാര സൂചിക (എ.ക്യു.ഐ) 409-ലാണുള്ളത്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിൽ 21ഉം ഗുരുതരമായ വായു പ്രശ്‌നങ്ങളാണ് രേഖപ്പെടുത്തിയതെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.