ജിസാൻ: രിസാല സ്റ്റഡിസർക്കിൾ കലാലയം സാംസ്‌കാരികവേദി പതിനാലാമത് സൗദി ദേശീയ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സാംസ്കാരിക സംസാരം’ പ്രവാസി സാഹിത്യ -സാംസ്‌കാരിക ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി. ജിസാനിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മത രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മലയാള സാഹിത്യ രംഗത്ത് പ്രവാസികളുടെ സംഭാവനകൾ ശ്രദ്ധേയമാണെന്നും പുതിയ കാലത്ത് ഫാസിസം നമ്മുടെ ചിന്തകളെ എല്ലാ തരത്തിലും ജീർണിപ്പിച്ചു കൊണ്ട് നടത്തുന്ന അധിനിവേശങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നും ‘സാംസ്‌കാരിക സംസാര’ത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യഥാർത്ഥ സംസ്‌കാരത്തിന്റെയും നവീന ചിന്തയുടെയും തിരസ്‌കരണമാണ് ഫാസിസം ലക്ഷ്യമിടുന്നത്. ചിന്തയെയും വായനയേയും ജ്വലിപ്പിക്കുന്ന പുസ്‌തകങ്ങളെയും അക്ഷരങ്ങളെയും ഭയപ്പെടുന്ന ഫാസിസ്റ്റുകൾ സ്വാതന്ത്ര്യവും മാനുഷികമൂല്യങ്ങളും ഇല്ലാതാക്കുന്ന പൊതുബോധങ്ങൾ സൃഷ്ടിക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂട്ടിക്കാട്ടി.
ജിസാൻ താമറിൻഡ് ഹോട്ടൽ ഹാളിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി ചെയർമാൻ ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ദേശീയ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ സിറാജ് കുറ്റ്യാടി പരിപാടികൾ വിശദീകരിച്ചു. മുജീബ് തുവ്വക്കാട് ആമുഖ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് രചയിതാവും സാമൂഹിക പ്രവർത്തകനുമായ ബാപ്പുട്ടി നാലകത്ത് ‘സാംസ്‌കാരിക സംസാരം’ ഉദ്ഘാടനം ചെയ്‌തു. നിയാസ് കാക്കൂർ, താഹ കൊല്ലേത്ത്, മുഹമ്മദ് ഇസ്‌മായിൽ മാനു, ജിലു ബേബി, വെന്നിയൂർ ദേവൻ, അഫ്‌സൽ സഖാഫി, റഹ്‌നാസ്, താഹ കിണാശേരി, അബ്‌ദുൾ സത്താർ പടന്നെ എന്നിവർ ‘ സാംസ്‌കാരിക സംസാര’ത്തിലെ വിവിധ ചർച്ചകളിൽ പങ്കെടുത്തു. ‘ദേശം താണ്ടിയ വാക്കും വരയും’ എന്ന വിഷയത്തിലാണ് ‘സാംസ്‌കാരിക സംസാരം’ എന്ന സാംസ്‌കാരിക ചർച്ച സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച (നവംബർ 15) ജിസാൻ സബിയ അൽ നാസറിയ ആഡിറ്റോറിയത്തിൽ വിവിധ വേദികളായിലായി നടത്തുന്ന പതിനാലാമത് സൗദി വെസ്റ്റ് ദേശീയ പ്രവാസി സാഹിത്യോത്സവിൻറെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സാഹിത്യോത്സവിൽ എട്ടു വിഭാഗങ്ങളിലായി നൂറോളം കലാ-സാഹിത്യ-വൈജ്ഞാനിക ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അഞ്ഞൂറോളം പ്രവാസി യുവപ്രതിഭകൾ പങ്കെടുക്കും. വൈകുന്നേരം പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും നടക്കും.സമാപന സമ്മേളനത്തിൽ സാഹിത്യോത്സവിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മാനങ്ങളും ട്രോഫികളും വിതരണം നടത്തും. പ്രവാസി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കലാമാമാങ്കമായ ദേശീയ പ്രവാസി സാഹിത്യോത്സവിന് ജിസാൻ ആദ്യമായാണ് വേദിയാകുന്നത്.