തിരുവനന്തപുരം: കൊല്ലം തുരുത്തിക്കര എം.ടി.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് ഗുരുതര പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്തി ഉടൻ റിപോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ ആറാംക്ലാസ് വിദ്യാർത്ഥി ഫെബിൻ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്‌കൂളിലെ പ്യൂൺ സിജു തോമസ് ഉടനെ കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നും ഉയർത്തി എടുത്തു. തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്‌സ് എത്തിയാണ് ഇരുവരെയും കിണറിൽനിന്നും പുറത്ത് എത്തിച്ചത്.
തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ ആദ്യം ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്ന് കുട്ടിയെ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയുള്ളതെന്നാണ് വിവരം.
സ്‌കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാരും പ്രതികരിച്ചു. സംഭവം നടന്ന ഉടനെ എ.ഇ.ഒ സ്ഥലത്തെത്തി പ്രാഥമിക റിപോർട്ട് മേലധികാരികൾക്ക് സമർപ്പിച്ചു.