റിയാദ്- റിയാദ് കാസര്‍കോട് ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന കൈസെന്‍ ത്രൈമാസ കാമ്പയിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ രാത്രി 8.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 29ന് കാസര്‍കോട് പ്രീമിയര്‍ ലീഗ് (ക്രിക്കറ്റ്) സീസണ്‍ 2, ഡിസംബര്‍ 5ന് എക്‌സിക്യുട്ടീവ് ക്യാമ്പ്, കാസര്‍കോട് വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവത്കരണ പ്രോഗ്രാം, ഡിസംബര്‍ 26,27 ജനുവരി 2,3 തിയതികളില്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ജനുവരി 17ന് സൂപര്‍ സംഗര്‍ കോണ്‍ടസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ, ഫുഡ് കോംപറ്റീഷന്‍, മൈലാഞ്ചി ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. ഫെബ്രുവരി 14നാണ് സമാപന സമ്മേളനം.
വാര്‍ത്താസമ്മേളനത്തില്‍ റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം, ചെയര്‍മാന്‍ അസീസ് അടുക്ക, വൈസ് പ്രസിഡന്റ് ടി.എ.ബി അഷ്‌റഫ് പടന്ന, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവര്‍ സംബന്ധിച്ചു.