ന്യൂഡൽഹി: അവസാനം നിരാശ പടർത്തി കേന്ദ്ര തീരുമാനം പുറത്ത്. കേരളത്തിന്റെ നോവായി മാറിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് നിരാകരിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ കൈയിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്നാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നൽകി. ഇതിൽ 291 കോടി രൂപ നേരത്തേ തന്നെ നൽകി. ജൂലൈ 31ന് 145 കോടി രൂപയും ഒക്ടോബർ ഒന്നിന് ബാക്കി തുകയും മുൻകൂറായി തന്നെ കൈമാറിയെന്നും കേന്ദ്രം പറയുന്നു.
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്നു കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷയിൽ കേന്ദ്രത്തിൽനിന്നും കേരളത്തിന് അനുകൂലമായ ഒരു തീരുമാനം കാത്തിരുന്ന ജനതയെയാണ് മോഡി സർക്കാർ തീർത്തും നിരാശരാക്കിയത്. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയുംവരേ പ്രഖ്യാപനം നീട്ടിയ കേന്ദ്രം ഇത്തരമൊരു നഗ്നമായ വിവേചനം കാണിക്കുമെന്ന് ആരും കരുതിയതല്ല.
ഒരു നാടിന്റെ ദുരന്തത്തിൽ പോലും അന്ധമായ കക്ഷിരാഷ്ട്രീയവും അനാവശ്യമായ കണക്കുകളും നിരത്തുന്ന കേന്ദ്രത്തിന്റെ തീരുമാനം മറ്റൊരു മഹാദുരന്തമായിപ്പോയെന്നാണ് വിമർശം. വയനാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഈ മറുപടി കേരളീയ പൊതുസമൂഹത്തെ മൊത്തം അവഹേളിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.