- ശിശുദിനത്തിലെ സങ്കട വാർത്തയിൽ പ്രതികരിക്കാതെ സ്‌കൂൾ അധികൃതർ
കൊല്ലം: കുന്നത്തൂരിൽ സ്‌കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. തുരുത്തിക്കര എം.ടി.യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് ഇന്ന് രാവിലെ കിണറ്റിൽ വീണത്.
ആഴത്തിലുള്ള കിണറിൽ വീണ കുട്ടിയെ സ്‌കൂളിലെ പ്യൂൺ സിജോയാണ് ഇറങ്ങി രക്ഷപ്പെടുത്തിയത്. തലയ്ക്കും നടുവിനും ഉൾപ്പടെ ഗുരുതര പരുക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി. ബോധം തിരിച്ചുകിട്ടിയില്ലെന്നാണ് വിവരം.
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാൽവഴുതി വീഴുകയായിരുന്നുവെന്നും അതല്ല ഒരു കുട്ടി കളിക്കിടെ പിടിച്ചുതള്ളുകയാണുണ്ടായതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ സ്‌കൂൾ അധികൃതർ കൂട്ടാക്കിയില്ല. മാധ്യമങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഇവരുടെ നിലപാട്. രക്ഷിതാക്കളെയും പ്രതികരണത്തിൽനിന്നും സ്‌കൂൾ അധികൃതർ വിലക്കുന്നുണ്ടെങ്കിലും നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
കിണർ കമ്പിയിട്ട് മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവമറിഞ്ഞ് എ ഇ ഒ ഉടനെ സ്‌കൂളിലെത്തി. പരിശോധനയിൽ കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ. കുട്ടിക്ക് കാര്യമായൊന്നും സംഭവിക്കാതെ പൂർണമായി തിരിച്ചുവരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് എല്ലാവരും.
കുട്ടിയെ ഇന്ന് രാവിലെ 9.30-ഓടെയാണ് താൻ സ്‌കൂളിൽ കൊണ്ടാക്കിയതെന്ന് പിതാവ് പ്രതികരിച്ചു.