കൽപ്പറ്റ/ചേലക്കര: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് പൂർണമായപ്പോൾ പോളിംഗ് ശതമാനത്തിൽ ഇടിവ്. പോളിങ് സമയം അവസാനിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ 64.69 ശതമാനം വോട്ടുകളും ചേലക്കരയിൽ 72.54 ശതമാനം വോട്ടുകളുമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണ 72.9% വോട്ട് രേഖപ്പെടുത്തിയ വയനാട്ടിൽ ഇത്തവണ പോളിംങ് കുത്തനെ കുറഞ്ഞിരിക്കുകയാണ്, 64.53%. വയനാട്ടിൽ കൂടുതൽ പോളിങ് ഏറനാടും (69.39%) കുറഞ്ഞ പോളിങ് നിലമ്പൂരിലു(61.62%)മാണ് രേഖപ്പെടുത്തിയത്. ചേലക്കരയിൽ കഴിഞ്ഞതവണ 77.40% വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 72.54 ശതമാനത്തിലാണിപ്പോഴുള്ളത്. അന്തിമ കണക്കിൽ നേരിയ മാറ്റങ്ങളുണ്ടായേക്കും.
രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ചേലക്കരയിൽ പല ബൂത്തുകളിലും വൈകീട്ട് ആറിന് ശേഷവും പോളിങ് തുടർന്നു. അന്തിമ കണക്ക് വൈകാതെ പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
പോളിങ് കുറയുമെന്ന് പൊതുവെ പ്രതീക്ഷിച്ചതാണെങ്കിലും വയനാട്ടിൽ ഇത്രയും വോട്ട് കുറയുമെന്ന് പലരും കരുതിയതല്ല. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാൻ പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാനാണ് യു.ഡി.എഫ് ക്യാമ്പുകൾ ശ്രദ്ധിച്ചത്. പരാജയം ഉറപ്പാണെങ്കിലും തങ്ങൾക്കുള്ള വോട്ടുകൾ പൂർണമായും പെട്ടിയിലാക്കി പ്രിയങ്കയുടെ ഭൂരിപക്ഷം കുറയ്ക്കുക എന്ന രാഷ്ട്രീയ വെല്ലുവിളിയാണ് ഇടത് കേന്ദ്രങ്ങൾ കാര്യമായും ഏറ്റെടുത്തിരുന്നത്. എന്നാൽ പോളിങ് കുറഞ്ഞതോടെ ഇരു മുന്നണികളുടെയും വോട്ടുകൾ ഏതളവിൽ, എങ്ങനെയാണ് ഫലത്തെ സ്വാധീനിക്കുക എന്നതിനെക്കുറിച്ചാണിപ്പോൾ കണക്കെടുപ്പുകളും അവകാശവാദങ്ങളും നടക്കുന്നത്.
വയനാട്ടിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന് ഞാൻ പറയുന്നില്ലെന്നും എന്നാൽ ഇവർ പറയുന്ന വൻ ഭൂരിപക്ഷമൊന്നും പ്രിയങ്കയ്ക്ക് കിട്ടാൻ പോകുന്നില്ലെന്നും ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രതികരിച്ചു.
ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ മടുത്തതാണ് വയനാട്ടിൽ പോളിങ് ശതമാനം കുറയാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. രാത്രി യാത്രാ നിരോധം, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളിൽ എം.പി ആയിരിക്കെ രാഹുൽഗാന്ധി ഒന്നും ചെയ്തില്ല. വോട്ട് പെട്ടിയിലായെന്ന് ഉറപ്പായപ്പോൾ അദ്ദേഹം രാജിവെച്ചത് ജനങ്ങളെ ബാധിച്ചതായും അദ്ദേഹം വിമർശിച്ചു.
എന്നാൽ, പോളിംഗ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നാണ് കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് എം.എൽ.എ പ്രതികരിച്ചത്. പ്രിയങ്കയെ പ്രിയങ്കരിയാക്കാൻ വയനാട് നടത്തിയ വിശ്രമമില്ലാത്തതും ചിട്ടയുമായ പ്രവർത്തനങ്ങളുടെ ഫലം 23-ന് കാണാമെന്നും അതിൽ സംശയമില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടു.
തങ്ങളുടെ വോട്ടുകൾ കൃത്യമായി പരമാവധി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭൂരിപക്ഷം സംബന്ധിച്ച അന്തിമ ചിത്രം ഓരോ ബൂത്തുകളിൽനിന്നും സമാഹരിച്ച് വൈകാതെ ലഭ്യമാവുമെന്നുമാണ് കോൺഗ്രസ് ക്യാമ്പുകൾ പറയുന്നത്.
ആറു മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയ തെരഞ്ഞെടുപ്പാണെന്ന പ്രതീതിയും ആർക്കു ചെയ്തിട്ടും കാര്യമില്ലെന്ന തോന്നലും ഇതര സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും വോട്ടു ചെയ്യാൻ എത്താനാകാത്ത സാഹചര്യവും പോളിങ് ശതമാനത്തെ ബാധിച്ചതായും പറയുന്നു. എന്നാൽ, പ്രിയങ്കയുടെ കന്നിയങ്കം എന്ന ഘടകം പലേടത്തും വോട്ടർമാരിൽ ആവേശം കൂട്ടിയതായും പറയുന്നു.
അഞ്ചുലക്ഷമാണ് യു.ഡി.എഫ് ക്യാമ്പിന്റെ ഭൂരിപക്ഷ ലക്ഷ്യമെങ്കിലും അതിനടുത്തേക്ക് കാര്യങ്ങൾ എത്തില്ലെന്ന സംസാരമാണിപ്പോൾ വിവിധ കേന്ദ്രങ്ങളിൽ ഉയരുന്നത്. 2019-ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 80.27 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞതവണ 73.48 ശതമാനമായി പോളിങ് കുറഞ്ഞപ്പോൾ രാഹുലിന്റെ ഭൂരിപക്ഷവും 3.6 ലക്ഷമായി ഇടിഞ്ഞു. ഇത്തവണയും അതാണ് സംഭവിക്കുകയെന്നാണ് ഇടത് കേന്ദ്രങ്ങൾ പറയുന്നത്.
കഴിഞ്ഞ തവണ മണ്ഡലത്തിൽ നേട്ടമുണ്ടാക്കിയ എൻ.ഡി.എയ്ക്ക് ഇത്തവണ അത് ആവർത്തിക്കാനാവില്ലെന്നും പറയുന്നു. 2019-ൽ 78,816 വോട്ടുണ്ടായിരുന്ന എൻ.ഡി.എക്ക് 2024-ൽ 141,045 ആയി വോട്ട് വർധിപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇത്തവണയിത് നേടാനാകില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവണ ആനി രാജയെ രംഗത്തിറക്കിയതിലൂടെ പതിനായിരത്തോളം വോട്ടുകൾ അധികമായി നേടാൻ എൽ.ഡി.എഫിനായെങ്കിലും ഇത്തവണ സത്യൻ മൊകേരിയ്ക്ക് എത്ര വോട്ട് കൂടുതൽ സമ്പാദിക്കാൻ സാധിക്കുമെന്നതിനെ ആശ്രയിച്ചാണ് പ്രിയങ്കയുടെ ഭൂരിപക്ഷം വ്യക്തമാകുക.
അതേസമയം, ഉപതെരഞ്ഞെടുപ്പുകളോടുള്ള ജനങ്ങളുടെ മടുപ്പാകാം ചേലക്കരയിൽ വോട്ടിങ് ശതമാനം കുറയാൻ കാരണമായതെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ആലത്തൂർ എം.പിയുമായ കെ രാധാകൃഷ്ണൻ പ്രതികരിച്ചു. വോട്ടിങ് ശതമാനം കുറഞ്ഞാലും തങ്ങൾക്കുള്ള വോട്ടുകൾ പോൾ ചെയ്തതിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചേലക്കരയിൽ യു.ഡി.എഫ് അട്ടിമറി വിജയം പ്രവചിക്കുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്നു തന്നെയാണ് ഇടതുപക്ഷം തറപ്പിച്ച് പറയുന്നത്.
അതിനിടെ, മൂന്നിടത്തും തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നും ഇത് ഖജനാവിന് ബാധ്യതയാണെന്നും അതാണ് പോളിങ് ശതമാനത്തിൽ ജനങ്ങളുടെ പ്രതികരണങ്ങളിൽ പൊതുവെ പ്രകടമായതെന്നും വിലയിരുത്തലുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നിയന്ത്രണങ്ങളും ചട്ടങ്ങളും കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.