കോഴിക്കോട്: ശരിയായാലും തെറ്റായാലും കണ്ടതും തോന്നിയതും മുൻ പിൻ നോക്കാതെ അപ്പടി വിളിച്ചുപറയുന്നതാണ് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്റെ രീതി. അതിനാൽ തന്നെ ഇ.പിയെ ചുറ്റിപ്പറ്റി വിവാദങ്ങൾക്കും പഞ്ഞമുണ്ടാകാറില്ല. നാക്കുപിഴയും ബഹിഷ്‌കരണവുമൊക്കെ ആ ഇനത്തിൽ ചിലത് മാത്രം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ജനം പോളിങ് ബൂത്തിലേക്ക് പോകുമ്പോഴാണ് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ഇ പി ജയരാജനെ സന്ദർശിച്ച വിവാദമുണ്ടായത്. അന്ന് എൽ.ഡി.എഫിന്റെ കൺവീനർ കൂടിയായ ഇ.പിയത് സ്ഥിരീകരിച്ചതോടെ സി.പി.എമ്മിനെയും ഇടതു മുന്നണിയെയും അമ്പേ അത് പ്രതിരോധത്തിലാക്കുകയും പാർട്ടിയുമായി കൂടുതൽ അകലാനും മുന്നണി കൺവീനർ സ്ഥാനം തെറിക്കാൻ വരേ അത് കാരണമായി.
തന്റെ മകന്റെ ഫ്‌ളാറ്റിൽ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ വന്നിരുന്നുവെന്ന് ഇ.പി തുറന്നുസമ്മതിച്ചതോടെ ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. ഇത്തവണയിതാ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ സുന്ദര മുഹൂർത്തത്തിൽ മറ്റൊരു വിവാദം കൂടി ഇ.പിയെയും സർക്കാറിനെയും തേടിയെത്തിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാറിനെതിരേയുള്ള കുറ്റപത്രം ഉൾപ്പെടെയുള്ള തുറന്നുപറച്ചിലുള്ള ഇ.പിയുടെ ആത്മകഥയാണ് ഇത്തവണ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടത്.
പിണറായി സർക്കാറിനെതിരേ കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കെ, നിർണായകമായ ചേലക്കര, വയനാട് ഉപതെരഞ്ഞടുപ്പുകൾക്കായി ജനങ്ങൾ പോളിംഗ് ബൂത്തിൽ നിൽക്കുമ്പോഴാണ് ഇ.പിയുടെ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന ആത്മകഥാ പുസ്തക വിവാദം പുറത്തുവന്നത്.
ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ലെന്നും, താരതമ്യേന ദുർബലമാണെന്നുമുള്ള വിമർശമാണ് ജയരാജൻ ആത്മകഥയിൽ പറയുന്നത്. വിവാദ അഭിപ്രായം ജയരാജൻ നിഷേധിച്ചെങ്കിലും ഡി.സി ബുക്‌സ് പോലൊരു സ്ഥാപനം ഇ.പി പറയാത്തത് പ്രസിദ്ധീകരിക്കുമെന്ന് കടുത്ത സി.പി.എമ്മുകാർ പോലും വിശ്വസിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജനക്ഷേമ പ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി ഡോ. പി സരിനെതിരെയും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും സരിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ എന്നുമാണ് ആത്മകഥയിൽ ഇ പി തുറന്നുപറയുന്നത്.
പി.വി അൻവറിന്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഇ പി കുറ്റപ്പെടുത്തുന്നു. വിവാദ ദല്ലാൾ വിഷയവും ആത്മകഥയിലുണ്ട്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെയാണെന്നും കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി വിമർശിക്കുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി തന്നെ മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം.
കേന്ദ്രകമ്മിറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും തുറന്നെഴുതുന്നു. ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയെ അറിയിച്ച ശേഷമായിരുന്നുവെന്നും എന്നാൽ വി.എസ് അച്യുതാനന്ദൻ തനിക്കെതിരെ ഇത് ആയുധമാക്കുകയാണുണ്ടായത്.
ഇ.പിയുടെ കുടുംബത്തിന്റെ പേരിലുള്ള വിവാദമായ വൈദേകം റിസോർട്ടിനെക്കുറിച്ചും പുസ്തകത്തിലുണ്ട്. നേതാക്കൾക്ക് താമസിക്കാനാണ് ഈ കെട്ടിടം ഒരുക്കിയതെന്നും മകന്റെയും ഭാര്യയുടെയും പണമാണ് അതിൽ നിക്ഷേപിച്ചതെന്നും അവ കള്ളപ്പണമാണെന്ന് പിന്നീട് പറഞ്ഞു പരത്തിയെന്നുമാണ് വിമർശം. പാർട്ടിക്ക് നേരെയുളള തന്റെ അതൃപ്തി നിറഞ്ഞ കുന്തമുനകൾ തന്നെയാണ് ഇവയെല്ലാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
എന്നാൽ, പുറത്തുവന്ന വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും താൻ പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്നുമാണ് ഇപി ജയരാജന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇ.പി ജയരാജൻ പ്രതികരിച്ചത്.
ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ല. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നത്? ബോധപൂർവം സൃഷ്ടിച്ച കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്‌സിന് കൈമാറിയിട്ടില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കിയതോടെ, ഇന്ന് നടക്കേണ്ടിയിരുന്ന പുസ്തകപ്രകാശനം ഡി.സി ബുക്‌സ് മാറ്റിവെച്ചിരിക്കുകയാണ്.