ചേലക്കര/കൽപ്പറ്റ: വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇരു മണ്ഡലങ്ങളിലെയും ഒറ്റപ്പെട്ട ചില ബൂത്തുകളിൽ വോട്ടിംഗ് മെഷിനുകൾ തകരാറിലായത് ഒഴിച്ചാൽ തീർത്തും പ്രയാസങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
വയനാട്ടിൽ ഉച്ചയ്ക്ക് 12.15-ഓടെ 30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ചേലക്കരയിൽ 11.30-ഓടെ തന്നെ 30 ശതമാനം പേർ വോട്ടു ചെയ്തു.
വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വയനാട് തിരുവമ്പാടി മണ്ഡലത്തിലെ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. മുക്കത്തിനിടുത്ത കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86-ലും മുക്കം നഗരസഭയിലെ അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിലുമാണ് യന്ത്രം തകരാറിലായത്.
ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളിലെ 116-ാം ബൂത്തിലും സാങ്കേതിക പ്രശ്‌നമുണ്ടായി. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു.
ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16ഉം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണുള്ളത്. 180 പോളിങ് ബൂത്തുകളിലും രാവിലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളടക്കമുള്ളവരുടെ വലിയ ക്യൂ ആണ് പലയിടത്തുമുള്ളത്.
14,71,742 വോട്ടർമാരും 1354 പോളിങ് സ്റ്റേഷനുകളുമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികൾക്കും മണ്ഡലത്തിൽ വോട്ടില്ല.
ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപ് രാവിലെ ഏഴിന് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ബി.ജെ.പി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ പാമ്പാടി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല.
കേരളത്തിലെ രണ്ട് മണ്ഡലങ്ങളോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മദ്ധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ കടുത്ത ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് സമാപിക്കും.
കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവെച്ച പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും യു.പിയിലെ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈമാസം 20-നാണ്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഈമാസം 23-നാണ്.