തൃശൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കൊണ്ടാഴി പഞ്ചായത്തിലെ 97-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു ലാൽജോസിന്റെ പ്രതികരണം.
ചേലക്കരയിൽ വികസനം വേണം. മണ്ഡലത്തിലെ സ്‌കൂളുകൾ മെച്ചപ്പെട്ടു. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുമെന്നും എന്നാൽ സർക്കാരിനെതിരെ പരാതി ഇല്ലെന്നും ലാൽ ജോസ് പറഞ്ഞു.
അതിനിടെ, സംവിധായകന്റെ ഉപതെരഞ്ഞെടുപ്പ് അഭിപ്രായം ശരിവെച്ച് പലരും പ്രതികരിച്ചു. വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നും ഇത്തരം തലതിരിഞ്ഞ അധിച്ചെലവുകളും ധൂർത്തുകളും ഇല്ലാതാക്കാൻ കൂടി രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ബാധ്യതയുണ്ടെന്നും പലരും ഓർമിപ്പിച്ചു. അത്തരം പരിഷ്‌കാരങ്ങൾകൂടി വരും വർഷങ്ങളിൽ ഉണ്ടാകണം.
ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്തിവെക്കുന്ന ഇത്തരം ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. രണ്ട് പാർല്ലമെന്റ് ണ്ഡലത്തിൽനിന്ന് വിജയിച്ചതിനെ തുടർന്നാണ് രാഹുൽഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചത്. ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ച മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽനിന്നും പാർല്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഷാഫി പറമ്പിൽ വടകരയിൽനിന്നും പാർല്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഒന്നുകിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരാൾ ഒരു മണ്ഡലം എന്ന നിലയ്ക്ക് നിബന്ധന വയ്ക്കണം. ഇനി അതല്ല, ഒരാൾക്ക് ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാൻ അവകാശം നൽകുകയാണെങ്കിൽ രാജിവെക്കുന്ന മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ആളുകളെ ജനപ്രതിനിധിയായി പ്രഖ്യാപിക്കുന്നവിധം പരിഷ്‌കാരത്തിന് തയ്യാറാകണമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ വന്നാൽ ജനങ്ങൾക്കുമേൽ കടുത്ത സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഈ അനാവശ്യ ധൂർത്ത് ഇല്ലാതാവുമെന്നാണ് അഭിപ്രായം.