കൽപ്പറ്റ: ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസ് പ്രചാരണമെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് പരാതിയിലുള്ളത്. ടി സിദ്ദിഖ് എം.എൽ.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.
ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചതായും പരാതിയിലുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് പ്രിയങ്ക നടത്തിയതെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
നിശബ്ദ പ്രചാരണം കഴിഞ്ഞ് വയനാട്ടിലെയും ചേലക്കരെയിലെയും വോട്ടർമാർ നാളെ രാവിലെ മുതൽ പോളിങ് ബൂത്തിലെത്തും. സമാധാനപരമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
വയനാട് പാർല്ലമെന്റ് മണ്ഡലത്തിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധിയും യു.ഡി.എഫും പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷം യു.ഡി.എഫ് ലക്ഷ്യമിടുമ്പോൾ പ്രിയങ്കയുടെ ഭൂരിപക്ഷം കുറച്ച് ശക്തി തെളിയിക്കാനാണ് ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ശ്രമം. പാർട്ടിയുടെ മുൻ സ്ഥാനാർത്ഥി കെ സുരേന്ദ്രന് ലഭിച്ച വോട്ട് നിലനിർത്തുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് നേരിടുന്ന വെല്ലുവിളി.
മുന്ന് സ്ഥാനാർത്ഥികളും മുന്നണികളും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം ഇതിനകം പുറത്തെടുത്തത്. ഇനി ഇത് എത്ര കണ്ട് വോട്ടാകുമെന്ന് നാളെയും പിഴക്കാത്ത വിധി 23നും കാണാം.