- ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്. വലുതുപക്ഷ മാധ്യമങ്ങൾക്ക് ദിവ്യയിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണം കിട്ടാത്തതിനാൽ പറയാത്ത കാര്യം പ്രചരിപ്പിക്കുകയാണെന്നും സി.പി.എം നേതാവ് എം.വി ജയരാജൻ കുറ്റപ്പെടുത്തി.
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ സി.പി.എം നേതാവ് പി.പി ദിവ്യയെ പൂർണമായും തള്ളാതെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിട്ടിക്കൽ സെക്രട്ടറിയുമായ എം.വി ജയരാജൻ രംഗത്ത്.
നവീൻ ബാബുവിന് എതിരായ കൈക്കൂലി ആരോപണത്തിൽ രണ്ട് പക്ഷമുണ്ടെന്നാണ് എം.വി ജയരാജന്റെ പക്ഷം. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ, കൈക്കൂലി വാങ്ങുന്ന ആളല്ല എ.ഡി.എം എന്ന് മറ്റൊരു കൂട്ടർ പറയുന്നു. വസ്തുതകൾ എല്ലാ ജനം അറിയണമെന്നതുകൊണ്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സി.പി.എം പെരിങ്ങോം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാവായ ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടന്നും വലുതുപക്ഷ മാധ്യമങ്ങൾ ദിവ്യയിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണം കിട്ടാത്തതിനാൽ ദിവ്യ പറയാത്ത കാര്യം പ്രചരിപ്പിക്കുകയാണെന്നും എം.വി ജയരാജൻ കുറ്റപ്പെടുത്തി.
ദിവ്യയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. പാർട്ടി എടുക്കേണ്ട സംഘടനാ നടപടി ദിവ്യക്കെതിരെ എടുത്തിട്ടുണ്ട്. അത് ദിവ്യ തന്നെ അംഗീകരിച്ചിട്ടുമുണ്ട്. ദിവ്യയുടെ പ്രസംഗം എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ? എന്ന് ഈ നാടറിയണം. ആത്മഹത്യാക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും ജയരാജൻ പ്രഖ്യാപിച്ചു.
പോലീസ് അന്വേഷണം ശരിയാംവിധം ഇപ്പോഴും മുന്നോട്ടു പോയില്ലെന്നിരിക്കെ സി.പി.എം നേതാവിന്റെ പുതിയ പ്രഖ്യാപനം പാർട്ടി കേന്ദ്രങ്ങൾക്കകത്തും പുറത്തും ചർച്ചയാവുകയാണ്. നവീൻ ബാബുവിന്റെ കുടുംബത്തിൽനിന്ന് ഇതുവരെയും പോലീസ് മൊഴി എടുത്തിട്ടില്ല. എ.ഡി.എമ്മിനെതിരേ വ്യാജ പരാതി ഉന്നയിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനോ, ദിവ്യയും കലക്ടറുമായുള്ള ഗൂഢാലോചന അടക്കമുള്ള ഒട്ടേറെ നിർണായക വിഷയങ്ങളിൽ പോലീസും പ്രോസിക്യൂഷനും കാര്യമായൊന്നും ച്രെയ്തിട്ടില്ലെന്നിരിക്കെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നതിനിടെ ആത്മഹത്യാ കുറിപ്പില്ലെന്ന് സി.പി.എം നേതാവ് പ്രഖ്യാപിക്കേണ്ട സാഹചര്യം എന്താണെന്നും ചോദ്യം ഉയരുകയാണ്.