- വാവര് പറഞ്ഞാൽ ശബരിമല വഖഫിന്റേതാകുമെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ. അങ്ങനെ വന്നാൽ അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെടാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ
കൽപ്പറ്റ: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം.
‘ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതം ഒതുക്കിയിരിക്കും. അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അതിവിടെ പ്രചരിപ്പിക്കുമെന്നും’ വയനാട്ടിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബിൽ നടപ്പാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇതേവേദിയിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തി. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമലയും വഖഫിന്റേതാകുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിമർശം. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതിരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ കമ്പളക്കാട്ടെ പൊതുയോഗത്തിൽ ആവശ്യപ്പെട്ടു.