തിരൂർ- തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വി.ബി ചാലിബിനെ കാണാതായ സംഭവത്തിൽ ദുരൂഹത നീങ്ങി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് പിടികൂടുകയും ചെയ്തു. പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കും എന്നു പറഞ്ഞു പണം തട്ടിയെടുത്ത രണ്ടത്താണി സ്വദേശികളായ ഷെഫീക്ക് (35) ഫൈസൽ (44) അജ്മൽ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ തിരിച്ചെത്തിയ ഡെപ്യൂട്ടി തഹസിൽദാർ പോലീസിന് നൽകിയ മൊഴിയാണ് ഇദ്ദേഹം നാടുവിടാനുള്ള കാരണം വ്യക്തമാക്കി മൊഴി നൽകിയത്. പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് മൂന്നുപേർ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് വീടുവിട്ടതെന്ന് ഇദ്ദേഹം പറഞ്ഞു.
വീട്ടിൽ വരാൻ വൈകുമെന്നു പറഞ്ഞു പോയ ഡെപ്യൂട്ടി തഹസിൽദാർ ഉഡുപ്പിയിലും, ബംഗളൂരുവിലും തിരിഞ്ഞാണ് ഒടുവിൽ വീട്ടിൽ തിരിച്ചെത്തിയത്. കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഏത് സഹചര്യത്തിലാണ് ഭീഷണിപ്പെടുത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം തുടരുന്നുണ്ട്. പോലീസ് ഡപ്യൂട്ടി തഹസിൽദാറിൽനിന്ന് മൊഴി രേഖപ്പെടുത്തുന്നുണ്ട്.