- ‘സ്വയം കുസൃതി ഒപ്പിച്ചു പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നുവെന്ന്’ മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന് എതിരെ എൻ പ്രശാന്ത് ഐ.എ.എസിന്റെ പരിഹാസം.
തിരുവനന്തപുരം: വിവാദ മതഗ്രൂപ്പ് വാട്‌സാപ്പ് പരാതികളിൽ ഐ.എ.എസ് തലപ്പത്തെ ചേരിപ്പോര് വ്യക്തമാക്കി കല്കടർ ബ്രോയെന്ന് വിളിക്കപ്പെടുന്ന എൻ പ്രശാന്ത് ഐ.എ.എസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുന്നു.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെ സംശയ നിഴലിൽ നിർത്തിയാണ് എൻ പ്രശാന്തിന്റെ കുറിപ്പ്. സ്വയം കുസൃതി ഒപ്പിച്ചു പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നുവെന്നാണ് പ്രശാന്തിന്റെ പരിഹാസം. വ്യവസായ വകുപ്പ് ഡയരക്ടറുടെ ഓർമശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് കുറിച്ചു.
ഉന്നതിയിലെ ഫയലുകൾ കാണാനില്ലെന്ന, എസ് സി എസ് ടി വകുപ്പിലെ തനിക്കെതിരായ വാർത്തക്കു പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്നും പ്രശാന്ത് കുറിപ്പിൽ ആരോപിച്ചു. ജയതിലകിനെ ചിത്തരോഗിയെന്നാണ് അധിക്ഷേപിച്ചത്. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നാണ് പ്രശാന്ത് എഫ്.ബിയിലെ തന്റെ പോസ്റ്റിന് താഴെ വന്ന പ്രതികരണത്തിന് കമന്റിട്ടത്. ഡോ. എ ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹാനെന്നും പ്രശാന്ത് കളിയാക്കി.
‘തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും’ എൻ പ്രശാന്ത് വിമർശിച്ചു.
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതിൽ വിമർശങ്ങൾ ഉയർന്നതോടെ ഗ്രൂപ്പുകൾ ഉടനെ ഡിലീറ്റാക്കി ഫോൺ ഹാക്ക് ചെയ്താതാണെന്ന് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. ശേഷം ഇപ്രകാരം മുസ്‌ലിം മല്ലു വാട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയതായി ഗോപാലകൃഷ്ണൻ പരാതിപ്പെട്ടു. എന്നാൽ, ഫോണുകൾ ഫോർമാറ്റ് ചെയ്തായിരുന്നു ഗോപാലകൃഷ്ണൻ പരാതി നൽകിയത്. ഇത് തിരിച്ചടിയാകും വിധത്തിലാണിപ്പോൾ പോലീസ് റിപോർട്ടിലെ വിവരങ്ങൾ.
ഫോറൻസിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിംഗ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഡി.ജി.പിക്ക് നൽകിയ റിപോർട്ടിലുള്ളത്. ഫോണുകൾ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്നാണ് പോലീസ് കണ്ടെത്തൽ. ഇത് മനപ്പൂർവമാണെന്ന് കണ്ട് കാര്യങ്ങൾ ഗോപാലകൃഷ്ണന് കൂടുതൽ കുരുക്കാവുമെന്നും പറയുന്നു.
വിവാദത്തിന് പിന്നാലെ കെ ഗോപാലകൃഷ്ണൻ തന്റെ രണ്ടു ഫോണുകളാണ് ഫോറൻസിക് പരിശോധനയ്ക്കായി നൽകിയിരുന്നത്. എന്നാൽ, രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്നാണ് ഫോറൻസിക് റിപോർട്ടിലുള്ളത്. വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ സജീവമല്ലാത്തിനാൽ ഹാക്കിംഗ് നടന്നിട്ടുണ്ടോയെന്ന് പറയാനാകില്ലെന്ന് മെറ്റയും വിശദീകരിച്ചു. ഫലത്തിൽ, തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന ഗോപാലകൃഷ്ണന്റെ ആരോപണം സാധൂകരിക്കുന്നതല്ല രണ്ടു റിപോർട്ടുകളും. ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകൾ ഫോർമാറ്റ് ചെയ്യാതെ നൽകണമായിരുന്നു. എന്നാൽ, പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രപരമായ നീക്കമാണെന്നാണ് പറയുന്നത്.
അതിനാൽ, ഇക്കാര്യത്തിൽ ഗോപാലകൃഷ്ണനോട് വിശദീകരണം തേടാനിരിക്കുകയാണ് ചീഫ് സെക്രട്ടറി. ഹാക്കിംഗ് നടന്നതിന് തെളിവില്ലാത്തിനാൽ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം കെ ഗോപാലകൃഷ്ണൻ വിശദീകരിക്കേണ്ടിവരും. ഹാക്കിംഗ് അല്ലെന്ന് തെളിയുന്നതോടെ ഗോപാലകൃഷണൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്ന രീതിയിലാവും വ്യാഖ്യാനങ്ങൾ. മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ വേർതിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന് സർക്കാർ കണ്ടെത്തിയാൽ, സർവ്വീസ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിൽ നടപടി ക്ഷണിച്ചുവരുത്തുമെന്നും ഉറപ്പ്.