- ജീവിതത്തിൽ തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. തന്റെ കൂടെയുള്ളവരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നും പി.പി ദിവ്യ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. ജയിൽ മോചിതയായതിന് പിന്നാലെ തന്നെ വിളിച്ച പാർട്ടി നേതാക്കളോടാണ് അവർ അതൃപ്തി പരസ്യമാക്കിയത്.
പാർട്ടി നടപടിയോടെ ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി താൻ മാറിയെന്നും എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ വന്നു. വിമർശങ്ങൾ ആകാം. എന്നാൽ, തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ കടുത്ത പ്രയാസമുണ്ട്. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ്. താനും നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. സത്യം പുറത്തുവരണം. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണം. നിയമപോരാട്ടം നടത്തുമെന്നും പി.പി ദിവ്യ വ്യക്തമാക്കി.
തീവ്രവാദികളെ പിടിച്ചു കൊണ്ടുപോകുന്ന പോലെയോ പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്നത് പോലെയോ ആണ് തന്നെ കൊണ്ടുപോയതെന്ന് അവർ പരിതപിച്ചു. വിമർശങ്ങളിൽ നിന്ന് കരുത്തു കിട്ടി. ജീവിതത്തിൽ തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധാരണ പാർട്ടി പ്രവർത്തകയായി പ്രവർത്തിക്കും.
തന്റെ കൂടെയുള്ളവരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താൻ. കുടുംബം ശക്തിയോടെ കൂടെ നിൽക്കുന്നതാണ് ശക്തി. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെണെന്നും ദിവ്യ പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ ദിവ്യയെ പാർട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആദ്യം നീക്കിയെങ്കിലും ജാമ്യം ലഭിക്കുന്നതിന്റെ തലേദിവസമാണ് പാർട്ടി സ്ഥാനങ്ങളിൽനിന്നെല്ലാം മാറ്റി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ഇതിൽ ദിവ്യയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല. പാർട്ടി നേതൃത്വം തന്റെ ഭാഗം കേൾക്കാതെയാണ് ഇത് ചെയ്തതെന്നാണ് പ്രതിയുടെ വിമർശം. ഇത് താൻ തെറ്റുകാരിയെന്ന് വരുത്താൻ ഇടയാക്കിയെന്നാണ് അവർ തന്നെ ബന്ധപ്പെട്ട പാർട്ടി നേതാക്കളോട് അറിയിച്ചതെന്നാണ് വിവരം.
അതിനിടെ, ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് മരിച്ച എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം. എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്ക് പിന്നാലെ എ.ഡി.എമ്മിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ടയിലെ സി.പി.എം നേതാവ് മോഹനൻ രംഗത്തുവന്നത് പോലീസിന്റെ അന്വേഷണത്തിലുള്ള അതൃപ്തിയും വ്യക്തമാക്കുന്നതായിരുന്നു.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇതുവരെയും രേഖപ്പെടുത്താനോ എ.ഡി.എമ്മിനെതിരേ വ്യാജമായി സൃഷ്ടിച്ചെടുത്ത പ്രശാന്തിന്റെ പരാതി മുക്കിയതും കലക്ടറുടെയും ദിവ്യയുടെയും കള്ളങ്ങൾ ഇതുവരെയും കോടതിക്ക് മുമ്പാകെ തുറന്നുകാട്ടാനോ പോലീസോ പ്രോസിക്യൂഷനോ തയ്യാറായില്ലെന്നും വിമർശമുണ്ട്. പി.പി ദിവ്യ കാണിച്ച അനാവശ്യ തിടുക്കവും പ്രോട്ടോക്കോൾ ലംഘനവും ബിനാമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസ് വേണ്ടവിധം പുറത്തുകൊണ്ടുവരാൻ താൽപര്യം കാണിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒളിവുജീവിതം നയിച്ച പ്രതിയെ യഥാസമയം ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ താൽപര്യം കാണിക്കാതിരുന്ന പോലീസ് വീഴ്ചയിലും ഇരകളുടെ പക്ഷത്തുനിൽക്കുന്നവരിൽ വിമർശം ശക്തമാണ്.
അതിനിടെ, പ്രതിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും ഒരുക്കിയ ശേഷം പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോട് ഒപ്പമാണെന്ന് പ്രതികരിച്ച സി.പി.എം നേതൃത്വത്തിന്റെ വാക്കുകളിൽനിന്ന് താനും എ.ഡി.എമ്മിന്റെ കുടുംബത്തോടൊപ്പമാണെന്നാണ് പ്രതി ദിവ്യയും പ്രതികരിച്ചിരിക്കുന്നത്. ഇത് ട്രോളാണോ എന്നും സംശയങ്ങളുയരുന്നുണ്ട്.
എന്നാൽ, പൊതുസമൂഹത്തോടൊപ്പം പാർട്ടി പത്തനംതിട്ട ജില്ലാ ഘടകം നവീൻ ബാബു വിഷയത്തിൽ തുടക്കം മുതൽ സ്വീകരിച്ച കൃത്യവും വ്യക്തവുമായ നിലപാടാണ് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും കണ്ണ് തുറപ്പിക്കാൻ ഒരൽപ്പമെങ്കിലും സഹായിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.