പത്തനംതിട്ട: കോന്നി തഹസിൽദാറുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മരിച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോന്നി തഹസിൽദാറായ മഞ്ജുഷ അപേക്ഷ നല്കിയത്.
കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്കണമെന്നാണ് ആവശ്യം. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണിപ്പോൾ മഞ്ജുഷ. അടുത്തമാസം ജോലിയിൽ തിരികെ പ്രവേശിക്കാനിരിക്കെയാണ് ജോലിമാറ്റത്തിനായി അപേക്ഷ നല്കിയിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മഞ്ജുഷ നിർണായക ആവശ്യം ഉന്നയിച്ചത്.
ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് കുടുംബം. എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്ക് പിന്നാലെ മഞ്ജുഷ പ്രതികരിച്ചിരുന്നു. കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ടയിലെ സി.പി.എം നേതാവ് മോഹനൻ രംഗത്തുവന്നത് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലുള്ള അതൃപ്തിയും വ്യക്തമാക്കുന്നതായിരുന്നു.
അതിനിടെ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇതുവരെയും രേഖപ്പെടുത്താനോ എ.ഡി.എമ്മിനെതിരേ വ്യാജമായി സൃഷ്ടിച്ചെടുത്ത പ്രശാന്തിന്റെ പരാതി മുക്കിയതും കലക്ടറുടെയും ദിവ്യയുടെയും കള്ളങ്ങൾ ഇതുവരെയും കോടതിക്ക് മുമ്പാകെ തുറന്നുകാട്ടാൻ പോലീസിനോ പ്രോസിക്യൂഷനോ സാധിച്ചിട്ടില്ല. പ്രതി പി.പി ദിവ്യ ഇക്കാര്യത്തിൽ കാണിച്ച അനാവശ്യ തിടുക്കവും പ്രോട്ടോക്കോൾ ലംഘനവും ബിനാമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസ് വേണ്ടവിധം പുറത്തുകൊണ്ടുവരാനും താൽപര്യം കാണിച്ചിട്ടില്ല. ഒളിവുജീവിതം നയിച്ച പ്രതിയെ യഥാസമയം ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ താൽപര്യം കാണിക്കാതിരുന്ന പോലീസ് വീഴ്ചയിലും വിമർശം ശക്തമാണ്.
എന്നാൽ, എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ സത്യം പുറത്തുവരണമെന്നാണ് തന്റെയും ആഗ്രഹമെന്നാണ് ജയിൽ മോചിതയായ പി.പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതി കൂട്ടാക്കിയിരുന്നില്ല.