പാരിസ്: യുവേഫാ നാഷന്‍സ് ലീഗിനുള്ള ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് കിലിയന്‍ എംബാപ്പെ പുറത്ത്.ഇറ്റലിക്കും ഇസ്രായേലിനും എതിരായ മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ നിന്നാണ് റയല്‍ മാഡ്രിഡ് താരം പുറത്തായത്. ഒക്ടോബറില്‍ ഇസ്രായേലിനും ബെല്‍ജിയത്തിനുമെതിരായ സ്‌ക്വാഡില്‍ നിന്നും താരം പുറത്തായിരുന്നു. എന്നാല്‍ എംബാപ്പെയ്ക്ക് ടീമിനൊപ്പം ചേരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതായി കോച്ച് ദിദിയര്‍ ദേഷാംസ് വ്യക്തമാക്കി.എംബാപ്പെയില്ലാതെ കളിച്ച രണ്ട് മല്‍സരത്തിലും ഫ്രാന്‍സ് ജയിച്ചിരുന്നു. കൂടാതെ എംബാപ്പെയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ അന്വേഷണം നടക്കുകയാണ്. നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പം താരം മോശം ഫോമിലാണ്.
പൊതുജനാഭിപ്രായം വിലയ്‌ക്കെടുത്താണ് ദേഷാംസ് എംബാപ്പെയെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ എംബാപ്പെയും കോച്ചും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സെപ്തംബറില്‍ നടന്ന ഫ്രാന്‍സിന്റെ മല്‍സരത്തിനിടെ ക്യാപ്റ്റന്‍ ആം ബാന്റ് അന്റോണിയോ ഗ്രീസ്മാന് നല്‍കിയതിലും 25കാരനായ എംബാപ്പെയ്ക്ക് നീരസുണ്ട്.
ബുധനാഴ്ച എംബാപ്പെ മാഡ്രിഡില്‍ നിന്ന് ഫ്രാന്‍സിലേക്ക് യാത്ര തിരിയ്ക്കാന്‍ തയ്യാറായതാണെന്നും എന്നാല്‍ കോച്ച് ദേഷാംസിന്റെ ഫോണ്‍ കോളിന് ശേഷം യാത്ര ഉപേക്ഷിക്കുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് കരീം ബെന്‍സിമ സെക്‌സ് ടേപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ താരത്തെ ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് വിലക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബെന്‍സിമ ടീമിലെത്തിയപ്പോഴും കോച്ച് താരത്തിന് ടീമില്‍ പലപ്പോഴും സ്ഥാനം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ബെന്‍സിമ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.