കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ നടപടിയുമായി സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്യാനാണ് ഇന്ന് ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് സംഘടനാ നടപടി.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. സംസ്ഥാന കമ്മിറ്റി ഇതിന് പച്ചക്കൊടി വീശുന്നതോടെ തീരുമാനം അന്തിമമാവും. നടപടി അംഗീകരിച്ചാൽ ദിവ്യ ഇനി പാർട്ടിയുടെ ഇരിണാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ വെറും സാധാരണ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമാകും.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങിയ പി.പി ദിവ്യ ഇപ്പോൾ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണുള്ളത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേട്ട തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയാനിരിക്കെയാണ് സി.പി.എമ്മിന്റെ സുപ്രധാനമായ സംഘടനാ നടപടി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഉടനെ പാർട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. അപ്പോഴും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജറാകാതെ ഒളിവിൽ പോവുകയായിരുന്നു പ്രതി.
ദിവ്യക്കുള്ള സംരക്ഷണം പാർട്ടിക്ക് വൻ തിരിച്ചടിയാവുമെന്ന് കണ്ടാണ് വൈകിയെങ്കിലും സി.പി.എം നടപടിക്ക് തയ്യാറായത്. എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും സംഘടനാ രംഗത്ത് ചുവടുറപ്പിച്ച ദിവ്യ സി.പി.എമ്മിന്റെ ഉജ്വല പ്രാസംഗികയും മികച്ച സംഘാടകയുമായിരുന്നു. കണ്ണൂരിൽനിന്ന് ഭാവി മന്ത്രി ആകാൻ സാധ്യതയുള്ള വനിതാ നേതാക്കളിൽ മുൻപന്തിയിലുള്ള വ്യക്തിയുമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തിന്റെ ആദ്യ ഘട്ടത്തിലും കേസെടുത്ത ഘട്ടത്തിലുമെല്ലാം ദിവ്യയെ സംരക്ഷിക്കാൻ പാർട്ടി ശ്രമിച്ചെങ്കിലും ഇത് വൻ ബാധ്യതയാകുമെന്ന് കണ്ടതോടെ പിൻവാങ്ങുകയായിരുന്നു. പൊതുസമൂഹത്തോടൊപ്പം സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യ വിഷയത്തിൽ തുടക്കം മുതൽ സ്വീകരിച്ച കൃത്യമായ നിലപാടാണ് കണ്ണൂർ ജില്ലാ പാർട്ടി നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കണ്ണ് തുറപ്പിച്ചത്.