കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വി തുടര്‍ക്കഥയാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ലീഗിലെ 11ാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയോടെ ബ്ലാസ്‌റ്റേഴ്‌സ് 2-1ന്റെ തോല്‍വി വഴങ്ങി. മല്‍സരത്തില്‍ 13ാം മിനിറ്റില്‍ ലീഡെടുത്ത ശേഷമായിരുന്നു കൊമ്പന്‍മാരുടെ കീഴടങ്ങല്‍. ജീസസ് ജിമിന്‍സാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.
കുറോ സിങ് വലത് വിങിലൂടെ മുന്നേറി ബോക്‌സില്‍ നിന്ന് പന്ത് ജിമിനസിന് നല്‍കുകയായിരുന്നു. ജിമിനസിന്റെ ലക്ഷ്യം തെറ്റിയില്ല. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദ് സമനില ഗോള്‍ നേടി. 43ാം മിനിറ്റില്‍ ആന്‍ഡ്രി ആല്‍ബയാണ് നിസാംസിനായി സ്‌കോര്‍ ചെയ്തത്.
70ാം മിനിറ്റിലാണ് ഹൈദരാബാദ് വിജയഗോള്‍ നേടിയത്. ആദ്യ ഗോള്‍ നേടിയ ആല്‍ബ തന്നെയാണ് വിജയഗോളും നേടിയത്. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോള്‍. റഫറിയുടെ വിവാദ തീരുമാനമാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഹോര്‍മിപാമിന് ഹാന്റ്‌ബോള്‍ എന്ന് കരുതി റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ പന്ത് ഹോര്‍മിപാമിന്റെ കൈയുടെ അടുത്തൊന്നും ഉണ്ടായിരുന്നില്ല. ഇതിന് ലഭിച്ച പെനാല്‍റ്റി ആല്‍ബ ലക്ഷ്യത്തിലെത്തിച്ച് ഹൈദരാബാദിന് ജയമൊരുക്കുകയായിരുന്നു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്ത് തുടരും.