കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽ.എൽ.ബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകൻ ഷെറിൻ സി എബ്രഹാമിനെതിരെയാണ് നടപടി. എസ്.എഫ്.ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്.
ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതാണെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.
പരീക്ഷയ്ക്കിടെ ഒരു വിദ്യാർത്ഥി എണീറ്റുനിന്ന് ചോദ്യപേപ്പറിലേത് പൊളിട്ടിക്കലി ഇൻകറക്റ്റഡായ ചോദ്യങ്ങളാണെന്ന് പറയുകയായിരുന്നു. പി.പി ദിവ്യയെ തനിക്ക് നേരിട്ടറിയാമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരമെഴുതാൻ താൻ തയ്യാറല്ലെന്നും വിദ്യാർത്ഥി അറിയിച്ചു. അപ്പോൾ പാർട്ട് ബിയിലെ ആദ്യ ചോദ്യമായ അട്ടപ്പാടി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം എഴുതിയാൽ മതിയെന്ന് അധ്യാപകൻ മറുപടി പറഞ്ഞു. അതിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും കോളേജ് അധികൃതർ വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഷെറിൻ സി എബ്രഹാം വ്യക്തമാക്കി.
അതിനിടെ, അധ്യാപകനെതിരായ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. ഷെറിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.