കൊച്ചി: അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ പ്രശസ്‌തമായ ഡാർക് റെഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്ര നടൻ സഹീർ മുഹമ്മദിന് മികച്ച നടനുള്ള പുരസ്‌കാരം. ഒരു മുതിർന്ന പൗരന്റെ അസാധാരണമായ ക്രൂരതകളെ അനാവരണം ചെയ്യുന്ന ” അനദർ ഷോർട് ഫിലിം എബൗട്ട് കില്ലിങ്” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മലയാളത്തിന് അഭിമാനകരമായ ഈ അംഗീകാരം സഹീർ നേടിയത്. വേറിട്ട അഭിനയശൈലിയിലൂടെ മലയാളത്തിലെ പുതു സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സഹീർ മുഹമ്മദ് ആലപ്പുഴ ഭരണിക്കാവ് ഇലിപ്പക്കുളം സ്വദേശിയാണ്. വിദേശികളടക്കം 9 നോമിനികൾ ഉണ്ടായിരുന്ന മത്സരത്തിൽ നിന്നാണ് സഹീറിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.
കുട്ടികളെ ലൈംഗിക പീഡനങ്ങൾക്കും രതിവൈകൃതങ്ങൾക്കും ഇരയാക്കിയ ശേഷം കൊലപ്പെടുത്തുന്ന ഒരു ക്രൂരനായ വൃദ്ധൻറെ കഥ പറയുന്ന സിനിമയാണ് ” അനദർ ഷോർട് ഫിലിം എബൗട്ട് കില്ലിങ്”. സിനിമയിൽ ക്രൂരവും സങ്കീർണവുമായ സ്വഭാവവിശേഷങ്ങളുള്ള വയോധികന്റെ കഥാപാത്രത്തെ ഭാവതീവ്രതയോടെ അവതരിപ്പിക്കുന്നതിൽ മികച്ച പ്രകടനമാണ് സഹീർ കാഴ്ച്ചവെച്ചത്.
ഒരു വൃദ്ധനും അയാളുടെ നായയും ഒരു കുട്ടിയും മാത്രമാണ് ഈ ചിത്രത്തിൽ കഥാപാത്രങ്ങളായുള്ളത്. നിർണ്ണായകമായ നായക കഥാപാത്രമായാണ് സഹീർ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. വൃദ്ധൻറെ ജീവിതത്തിൽ അരങ്ങേറുന്ന അസാധാരണമായ സംഭവവികാസങ്ങളും അയാളുടെ ക്രൂരമായ മനോഭാവവും പ്രതികരണങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കോട്ടയം സ്വദേശിയും ചലച്ചിത്ര പ്രവർത്തകനുമായ ആൻഡ്രൂസ് ദേവ് ക്ളാർസണാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വരുൺ കൊടമന (ഛായാഗ്രഹണം), ബ്ലസ് തോമസ് (എഡിററിംഗ്), ലാൽ കൃഷ്‌ണ (സംഗീതം), ശന്തനു ദത്തെ (കലാ സംവിധാനം), സേത് എം ജേക്കബ് (ശബ്ദലേഖനം) എന്നിവരാണ് ചിത്രത്തിൻറെ അണിയറ ശില്പികൾ. മറ്റു പല വിദേശ ചലച്ചിത്രമേളകളിലും ഈ ചിത്രം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു വർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇതുവരെ പൂർണമായി കണ്ടിട്ടില്ലെന്ന് സഹീർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ പ്രമുഖ സംവിധായകരും ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര അക്കാദമികളിലെ വിദ്യാർത്ഥികളും ചലച്ചിത്രപ്രേമികളുമടക്കം നിരവധി പേർ പങ്കെടുക്കുന്ന ഡാർക് റെഡ് ഫിലിം ഫെസ്റ്റിവൽ ഹൊറർ ചിത്രങ്ങളുടെ മേളയെന്ന നിലയിൽ ലോകശ്രദ്ധ നേടിയ ചലച്ചിത്രോത്സവമാണ്. ന്യൂയോർക്ക് ഫിലിം അക്കാദമി ശിപാർശ ചെയ്യുന്ന മുൻനിര ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണിത്. ന്യൂ മെക്‌സിക്കോയിലെ ആൽബുകെർക്കിൽ നടന്ന ചലച്ചിത്രമേള കഴിഞ്ഞ മാസം 27 നാണ് സമാപിച്ചത്. ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മികച്ച നടനുള്ള പുരസ്‌കാര ജേതാവായ സഹീറിൻറെ ലഘുപ്രസംഗത്തിൻറെ വീഡിയോ ഫെസ്റ്റിവൽ അധികൃതർ പ്രദർശിപ്പിച്ചിരുന്നു.
ഏഴു വർഷത്തോളമുള്ള പ്രൊഫഷണൽ നാടകരംഗത്തെ അഭിനയ പരിചയവും അനുഭവസമ്പത്തുമായാണ് സഹീർ സിനിമയിലെത്തുന്നത്. പ്രശസ്‌ത സിനിമാറ്റോഗ്രാഫറായ ആനന്ദക്കുട്ടൻറെ ഛായാഗ്രഹണ സഹായിയായാണ് സിനിമയിൽ തുടക്കം. അദ്ദേഹത്തിൻറെ അസിസ്റ്റന്റായും അസോസിയേറ്റായും 2005 വരെ പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നത്. ഫാസിൽ, സിബി മലയിൽ, ജോഷി, റാഫി, രാജസേനൻ, കെ. മധു, ഷാജി കൈലാസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു. അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, ഉസ്താദ്, പഞ്ചാബിഹൗസ്, വാഴുന്നോർ തുടങ്ങി മുപ്പത്തിയാറോളം സിനിമകൾക്ക് കാമറ സഹായിയായിരുന്നു. പിന്നീട് ചെറിയൊരു കാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച ശേഷം തിരിച്ചെത്തി വീണ്ടും സിനിമാ രംഗത്തെത്തിയ സഹീർ അഭിനയരംഗത്ത് ചുവടുറപ്പിച്ചു.
സലിം അഹമ്മദിന്റെ ആന്റ് ദി ഓസ്കാർ ഗോസ് ടു, ജിബു ജേക്കബിന്റെ ആദ്യരാത്രി, എല്ലാം ശരിയാകും ഡോ. ബിജുവിൻറെ ദി പോർട്രയിറ്റ്സ്,അദൃശ്യ ജാലകങ്ങൾ സക്കരിയയുടെ ഹലാൽ ലൗ സ്റ്റോറി, കിരൺ ജി നാഥിന്റെ കലാമണ്ഡലം ഹൈദരാലി എന്നീ സിനിമകളിലെ മികച്ച അഭിനയം സഹീറിന് മലയാളത്തിൽ അനേകം അവസരങ്ങൾ നേടിക്കൊടുത്തു. കുറഞ്ഞ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതനായി മാറി. ‘പുഴു’വിലെ ഫാർമസിസ്റ്റ്, ‘ഹലാൽ ലൗ സ്റ്റോറി’യിലെ സംഘടനാ നേതാവ്, ‘ശ്രീധന്യാ കാറ്ററിങ്’ ലെ മാഷ് തുടങ്ങി പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ നിരവധി കഥാപാത്രങ്ങൾ. നാരദൻ, ജനഗണമന, പത്രോസിൻറെ പടപ്പുകൾ, ഡൈവോഴ്‌സ്, പ്രിയൻ ഓട്ടത്തിലാണ്, മിസ്സിംഗ് ഗേൾ, 99 ക്രൈം ഡയറി, പാപ്പച്ചൻ ഒളിവിലാണ്, ത്രിശങ്കു, ക്രിസ്റ്റഫർ, അടിയന്തരാവസ്ഥ കാലത്തെ അനുരാഗം, ഘ് ർർർ , പ്രിൻസസ് സ്‌ട്രീറ്റ് തുടങ്ങി ഇരുപത്തോളം പുതു സിനിമകളിൽ സഹീർ വേഷമിട്ടു. അടുത്തിടെ ഹിറ്റായ കിഷ്‌കിന്ധകാണ്ഡത്തിലെ പോലീസുകാരന്റെ വേഷം ശ്രദ്ധേയമായി. ഇ ഡി, നിർമ്മാണം കല്യാശ്ശേരി പഞ്ചായത്ത്, അഡിയോസ് അമിഗോ എന്നീ പുതിയ സിനിമകളിലും സഹീറുണ്ട്. സ്വതസിദ്ധമായ അഭിനയശൈലിയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അടുത്തിടെ ഇറങ്ങിയ നിരവധി സിനിമകളിൽ സഹീർ തിളങ്ങി.
മുപ്പതോളം ഫീച്ചർ ഫിലുമുകൾ, നിരവധി പരസ്യ ചിത്രങ്ങൾ, വെബ് സീരീസുകൾ, ഇരുപത്തിയഞ്ചോളം ഷോർട്ട് ഫിലിമുകൾ എന്നിവയിൽ സഹീർ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ചലച്ചിത്ര അക്കാദമികളിലെയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർഥികളുടെ ഡിപ്ലോമ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സഹീർ അഭിനയിച്ച കൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ എൽ വി പ്രസാദ് അക്കാദമി, തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡിപ്ലോമ ഫിലിംസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹീർ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിമുകൾക്കും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഹോട്സ്റ്റാർ, സോണി ലൈവ് ഒടിടി ചാനലുകളിലെ വിഷ്ണു ആർ രാഘവിൻറെ ലൗവ് അണ്ടർ കൺസ്ട്രക്ഷൻ, അഹമ്മദ് കബീറിന്റെ കേരള ഫയൽസ് (സീസൺ 2), മനു അശോകന്റെ ഐസ് എന്നീ വെബ് സീരീസുകളിലും അഭിനയിക്കുന്നു. മലയാള സിനിമയിൽ തൻറെ അഭിനയശേഷി പൂർണ്ണമായി വിനിയോഗിക്കാൻ കഴിയുന്ന മികച്ച അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരൻ. നല്ല സിനിമയെക്കുറിച്ചുള്ള ഒത്തിരി സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സഹീറിന്റെ സിനിമാ യാത്രകൾ തുടരുകയാണ്. മുഹമ്മദ് റഷീദിന്റെയും ഫാത്തിമാക്കുഞ്ഞിന്റെയും മകനായ സഹീർ മുഹമ്മദ് കായംകുളത്തിന് സമീപമുള്ള മങ്ങാരത്താണ് താമസം. സാറയാണ് ഭാര്യ. മക്കാളായ സറീന, ഇമ്രാൻ അഹമ്മദ് എന്നിവർ വിദ്യാർത്ഥികളാണ്.