കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അതിൽ സ്ത്രീകളില്ലെന്നും നടപടിക്കു പിന്നാലെ നടി പ്രതികരിച്ചു.
തന്റെ പരാതിയാണ് അസോസിഷേന്റെ പ്രകോപനം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി തന്നെ അപമാനിക്കുകയാണുണ്ടായത്. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദമാക്കാനാണ് ശ്രമം. ആന്റോ ജോസഫാണ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത്. ഹേമ കമ്മിറ്റി റിപോർട്ടിന് ശേഷം മുന്നോട്ടു വന്നവരാരും ഇനി പരാതിയുമായി വരരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
നടിയുടെ പരാതിയിൽ അസോസിയേഷനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ സംഘടനയിൽ നിന്ന് അസോസിയേഷൻ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കുറിപ്പിലുള്ളത്.