ജിദ്ദ – സൗദിയില്‍ കൃഷിത്തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും വേതനത്തോടു കൂടിയ അവധി അടക്കമുള്ള അവകാശങ്ങളും മികച്ച തൊഴില്‍ സാഹചര്യവും ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നു. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടി കരടു നിയാമവലി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. കൃഷിത്തൊഴിലാളികളുടെയും ഇടയന്മാരുടെയും തൊഴില്‍ സഹചര്യം മെച്ചപ്പെടുത്താനും തൊഴില്‍ മാറ്റം ക്രമീകരിക്കാനും അവര്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ സാഹചര്യം നല്‍കാനുമാണ് നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വേതനത്തോടു കൂടിയ, 30 ദിവസത്തില്‍ കുറയാത്ത അവധിക്ക് തൊഴിലാളിക്ക് അവകാശമുള്ളതായി നിയമാവലി വ്യക്തമാക്കുന്നു. ഈ അവധി തൊഴിലാളി പ്രയോജനപ്പെടുത്താത്ത പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ അവധിക്കാല വേതനത്തിന് തൊഴിലാളിക്ക് അവകാശമുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അര്‍ഹതപ്പെട്ട അവധി ചെലവഴിക്കാന്‍ സ്വദേശത്തേക്ക് പോകാന്‍ റിട്ടേണ്‍ ടിക്കറ്റ് ലഭിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്ന തൊഴിലാളിക്ക് വണ്‍വേ ടിക്കറ്റിനാണ് അവകാശമുള്ളത്. എന്നാല്‍ അവധിക്കാലം സൗദി അറേബ്യക്കകത്തു തന്നെ ചെലവഴിക്കുന്ന പക്ഷം ടിക്കറ്റിനോ ടിക്കറ്റിനു പകരം നഷ്ടപരിഹാരത്തുകക്കോ തൊഴിലാളിക്ക് അവകാശമുണ്ടാകില്ല.
വര്‍ഷത്തില്‍ 30 ദിവസത്തെ രോഗാവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്. അംഗീകൃത ആശുപത്രി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗാവധി ഒന്നിച്ചോ പലതവണയായോ പ്രയോജനപ്പെടുത്താവുന്നതാണ്. രോഗാവധിയില്‍ ആദ്യത്തെ പതിനഞ്ചു ദിവസത്തിന് പൂര്‍ണ വേതനവും പിന്നീടുള്ള പതിനഞ്ചു ദിവസത്തിന് പകുതി വേതനവും ലഭിക്കും. രോഗം 30 ദിവസത്തില്‍ കൂടുതല്‍ തുടരുന്ന പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് തൊഴിലാളിയെ സ്വദേശത്തേക്ക് തിരിച്ചയക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ മടക്കയാത്രാ ടിക്കറ്റ് തൊഴിലുടമയാണ് വഹിക്കേണ്ടത്. കൂടാതെ തൊഴിലാളിയുടെ നിയമാനുസൃതമായ മുഴുവന്‍ അവകാശങ്ങളും തീര്‍ര്‍ത്ത് നല്‍കുകയും വേണം. നിയമാനുസൃത രോഗാവധി തീരുന്നതിനു മുമ്പായി രോഗ കാരണം പറഞ്ഞ് തൊഴിലാളിയെ പിരിച്ചുവിടുന്നത് നിയമാവലി വിലക്കുന്നു.
തൊഴിലാളിയോടുള്ള ഒമ്പതു കടമകള്‍ തൊഴിലുടമകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു. തൊഴില്‍ സ്ഥലത്തോ പുറത്തോ അനുയോജ്യമായ താമസസ്ഥലം നല്‍കല്‍, അനുയോജ്യമായ ഭക്ഷണം നല്‍കല്‍-അല്ലെങ്കില്‍ ഭക്ഷണത്തിനു പകരം പണം നല്‍കല്‍, ജോലി സ്ഥലത്തല്ല താമസസ്ഥലമെങ്കില്‍ ഉചിതമായ ഗതാഗത സംവിധാനം ഒരുക്കല്‍-അതല്ലെങ്കില്‍ ഗതാഗത ചെലവ് നല്‍കല്‍, തൊഴില്‍ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ നേരിട്ട് ഹാജരാകല്‍ എന്നിവ തൊഴിലുടമയുടെ കടമകളാണ്. നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍, വര്‍ണം, ലിംഗം, മതം, രാഷ്ട്രീയ അഭിപ്രായം, ദേശം, സാമൂഹിക പശ്ചാത്തലം, മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയെ അടിസ്ഥാനമാക്കിയിലുള്ള വേര്‍തിരിവും ഒഴിവാക്കലും മുന്‍ഗണനയും കാണിക്കല്‍ എന്നിവ നിയമാവലി വിലക്കുന്നു.
തൊഴിലാളിയുടെ പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ വ്യക്തിപരമായ വസ്തുക്കളോ തൊഴിലുടമകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പാടില്ല. ബന്ധക്കളുടെ അനുമതിയോടെ സൗദിയില്‍ മറവു ചെയ്യാത്ത പക്ഷം മൃതദേഹം സ്വദേശത്തേക്ക് അയക്കാനുള്ള മുഴുവന്‍ ചെലവുകളും തൊഴിലുടമയാണ് വഹിക്കേണ്ടത്.
ബന്ധുക്കളുമായും എംബസിയുമായും റിക്രൂട്ട്‌മെന്റ് ഓഫീസുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ആശയവിനിമയം നടത്തുന്നതില്‍ നിന്ന് തൊഴിലാളിയെ വിലക്കാന്‍ പാടില്ല. ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന അപകടകരമായ ജോലികളും അന്തസ്സിന് മുറിവേല്‍പിക്കുന്ന ജോലികളും ഏല്‍പിക്കാനും പാടില്ല. റിക്രൂട്ട്‌മെന്റ് ഫീസും ഇഖാമ ഫീസും തൊഴിലാളിയുമായി ബന്ധപ്പെട്ട മറ്റു ഫീസുകളും ലെവികളും ഇവയുമായി ബന്ധപ്പെട്ട് വരുത്തുന്ന കാലതാമസത്തിനുള്ള പിഴകളും തൊഴിലുടമയാണ് വഹിക്കേണ്ടത്.
തൊഴിലാളി ജോലിയില്‍ സത്യസന്ധതയും വിശ്വസ്തതയും കാണിക്കണമെന്നും പരസ്പര ധാരണയിലെത്തിയ ജോലികള്‍ നിര്‍വഹിക്കണമെന്നും തൊഴില്‍ കരാറിനും രാജ്യത്തെ നിയമങ്ങള്‍ക്കും പൊതുമര്യാദക്കും വിരുദ്ധമല്ലാത്ത നിലക്ക് ജോലിയുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിയമാവലി പറയുന്നു. തൊഴിലുടമയുടെ വസ്തുവകകളും ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും തൊഴിലാളി കാത്തുസൂക്ഷിക്കണം. സ്വന്തം നിലക്കോ മറ്റുള്ളവര്‍ക്കു കീഴിലോ ജോലി ചെയ്യാന്‍ പാടില്ല. ഇഖാമയിലും തൊഴില്‍ കരാറിലും രേഖപ്പെടുത്തിയ തൊഴിലിന് വിരുദ്ധമായ ജോലിയും ചെയ്യാന്‍ പാടില്ല. രാജ്യത്തെ നിയമങ്ങളും സൗദി ജനതയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും തൊഴിലാളി പാലിക്കണമെന്നും ഇസ്‌ലാം മതത്തെ ആദരിക്കണമെന്നും നിയമാവലി അനുശാസിക്കുന്നു.